< Back
Kerala
Rahul entered Tamil Nadu via Kozhinjampara he is currently in Anekal

Photo| Special Arrangement

Kerala

രാഹുൽ തമിഴ്നാട്ടിലേക്ക് കടന്നത് കൊഴിഞ്ഞാമ്പാറ വഴി; നിലവിൽ കർണാടകയിലെ അനെകലിലെന്ന് സൂചന

Web Desk
|
3 Dec 2025 9:00 AM IST

കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ യുവതി പരാതിയുമായി എത്തിയെന്നറിഞ്ഞതോടെയാണ് രാഹുൽ മുങ്ങിയത്.

പാലക്കാട്: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ഭയന്ന് മുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്നാട്ടിലേക്ക് പോയത് കൊഴിഞ്ഞാമ്പാറ വഴി. കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ യുവതി പരാതിയുമായി എത്തിയെന്നറിഞ്ഞതോടെയാണ് രാഹുൽ മുങ്ങിയത്. ഈ സമയം, കണ്ണാടി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലായിരുന്ന രാഹുൽ അവിടെനിന്ന് പോവുകയായിരുന്നു.

ആദ്യം നേരെ കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിലെത്തിയ രാഹുൽ, ഔദ്യോ​ഗിക വാഹനം അവിടെ നിർത്തിയിട്ട ശേഷം സുഹൃത്തായ യുവനടിയുടെ ചുവന്ന പോളോ കാറിൽ മറ്റൊരു സഹായിക്കൊപ്പം പാലക്കാട് തന്നെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. അവിടെനിന്ന് പൊള്ളാച്ചി റൂട്ടിൽ കൊഴിഞ്ഞാമ്പാറ വരെ ഇതേ കാറിൽ പോവുകയും അവിടെവച്ച് മറ്റൊരു കാറിൽ കയറി നടുപ്പുണി ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കുകയുമായിരുന്നു.

തുടർന്ന് അതിവേ​ഗം സേലം- ബം​ഗളൂരു ഹൈവേ വഴി പോയെന്നാണ് കണ്ടെത്തിൽ. ‌സിസിടിവി ക്യാമറകളിൽ പെടാതിരിക്കാൻ ഇടറോഡാണ് ഉപയോ​ഗിച്ചത്. സുഹൃത്തുകളുടെ സഹായത്തോടെയാണ് രാഹുൽ കേരളം വിട്ടതെന്നും പൊലീസ് പറയുന്നു. നിലവിൽ ബം​ഗളൂരുവിലെ അനെകലിലാണ് രാഹുൽ ഉള്ളതെന്നാണ് സൂചന. ബാഗലൂരില്‍ നിന്നാണ് ബംഗളൂരുവിലെ അനെകലിലേക്ക് പോയത്.

ചുവന്ന പോളോ കാർ രാഹുലിന്റെ ഒളിച്ചോട്ടത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊഴിഞ്ഞാമ്പാറ വരെ ഈ കാറിലാണ് പോയതെന്ന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടിയെ ഫോണിൽ വിളിച്ച് പ്രാഥമിക വിവരം തേടിയിരുന്നു.

താൻ രാഹുലിന് രക്ഷപെടാൻ കാർ നൽകിയതല്ലെന്നും എംഎൽഎയുടെ തന്നെ ഒരു പരിപാടിയുടെ ഭാഗമായി പാലക്കാട് വന്ന് തിരിച്ച് ബംഗളൂരുവിലേക്ക് പോയപ്പോൾ കാർ നിർത്തിയതാണെന്നുമാണ് നടിയുടെ മൊഴി. ഈ സാഹചര്യത്തിൽ കാർ ഉടമയായ നടിയെ ഉടൻ ചോദ്യം ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാഹുലിനെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ മാത്രം നടിയിലേക്ക് എത്തും.

Similar Posts