
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ സ്ഥാനമില്ല: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
|ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തതെന്നും ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തുവെന്നും വേണുഗോപാൽ പറഞ്ഞു
വയനാട്: രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
അയ്യപ്പന്റെ സ്വർണം കട്ട കേസിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെ മാർക്സിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാൽ ചോദിച്ചു. വയനാട്ടിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം പ്രതികരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ. രാഹുലിനെ പാർട്ടി നേരത്തെ സസ്‌പെൻഡ് ചെയ്തതാണെന്നും സസ്‌പെൻഡ് ചെയ്ത ഒരാളെക്കുറിച്ച് എന്തിനാണ് മറുപടി പറയേണ്ടതെന്നും മാധ്യമങ്ങളോട് വേണുഗോപാൽ ചോദിച്ചു.
അതേസമയം, ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും അടിയന്തിരമായി പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന. ബി. സജൻ. പാർട്ടിയിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കണമെന്നും സജന ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിൻ്റെ മനോനിലയാണ് പ്രശ്‌നം.
ഞരമ്പൻ എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ് പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. പാർട്ടി നടപടി എടുത്താൽ എത്ര ഉന്നത നേതാവിൻ്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാർഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആർക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളതെന്നും അവർ ചോദിച്ചു.