
Photo | Mediaone
രാഹുൽ മാങ്കൂട്ടത്തിലിനെ KSRTC ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിൽ പങ്കെടുപ്പിച്ചു; പാലക്കാട് ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ DYFI നേതാക്കൾ ഉപരോധിച്ചു
|പുതുതായി തുടങ്ങിയ പാലക്കാട് - ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ് ആണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തത്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ MLAയെ KSRTC ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധവുമായി DYFI. പാലക്കാട് ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ DYFI നേതാക്കൾ ഉപരോധിച്ചു. ജില്ലാ സെക്രട്ടറി കെ. സി റിയാസുദ്ദീൻ, ആർ ജയദേവ് എന്നിവർ അടങ്ങുന്ന സംഘമാണ് ഉപരോധിച്ചത്.
പുതുതായി തുടങ്ങിയ പാലക്കാട് - ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ് ആണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തത്. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്.
അതേസമയം, വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം 24ന് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തിയിരുന്നു. വൈകീട്ട് 4. 15 ന് മൂന്ന് പ്രവർത്തകർക്കൊപ്പം എംഎൽഎ ബോർഡ് വെക്കാത്ത സ്വകാര്യ വാഹനത്തിലാണ് രാഹുൽ പാലക്കാട്ടെത്തിയത്. ലൈംഗികാരോപണമുയർന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ 38 ദിവസത്തിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്.