< Back
Kerala
rahul mankootathil against kb ganesh kumar
Kerala

ഇ-മെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരായ പരാതിയില്‍ എന്ത് നടപടിയെടുത്തു : രാഹുല്‍ മാങ്കൂട്ടത്തില്‍

Web Desk
|
9 March 2026 5:27 PM IST

'എപ്പോഴാണ് മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങുകയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്'

പാലക്കാട്: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഉന്നയിച്ച പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ത്രീസുരക്ഷക്ക് വെമ്പല്‍ കൊള്ളുന്ന സര്‍ക്കാര്‍ ഇതില്‍ എന്തു ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ മനസ്സ് എപ്പോഴെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കൂലിയാണ് ഇപ്പോള്‍ കിട്ടുന്നതെന്ന് ഗണേഷ് കുമാര്‍ മനസ്സിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.

ഒരു ഇ-മെയില്‍ ലഭിച്ചതിലൂടെ മാത്രം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹോട്ടല്‍ വളഞ്ഞ് ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന പൊലീസിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കാനുള്ള കാര്യം, കെ.ബി ഗണേഷ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ എപ്പോഴാണ് പുറപ്പെടുകയെന്നാണ്. എപ്പോഴാണ് ആ മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങുകയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഗണേഷ് കുമാറിനെതിരെ ഭാര്യ നേരിട്ട് പൊലീസിനെ വിളിച്ച് പരാതി പറയുകയായിരുന്നു. അവരുടെ ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ഗുരുതരമായ ആരോപണമാണിത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചിരുന്നുവെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ പറയുന്നു. എന്നിട്ട് എന്തു നടപടിയുണ്ടായെന്ന് മുഖ്യമന്ത്രിയും പൊലീസും പറയണം.

ഗണേഷ് കുമാറിന് എത്ര പ്രണയങ്ങളുണ്ടായാലും വിഷയമല്ല. അതെല്ലാം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. എന്ത് പ്രണയമാണെന്ന് പറഞ്ഞാലും ഒരു നിയമവിരുദ്ധ പ്രവൃത്തി അന്ന് ഉണ്ടായിട്ടുണ്ടോയെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കണം. എല്ലാവരും വിശ്വാസത്തോടെ കാണുന്ന ബിംബത്തെ അദ്ദേഹം ചൂഷണം ചെയ്ത മനുഷ്യന്മാരുടെ പട്ടികയിലുണ്ടോ?. മന്ത്രിയുടെ ഭാര്യയെ സ്റ്റാഫുകള്‍ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. സ്ത്രീപീഡനം നടന്നിട്ടുണ്ട് എങ്കില്‍ അവര്‍ പൊതുപ്രവര്‍ത്തനത്തില്‍ നില്‍ക്കണോയെന്ന് അവര്‍ തന്നെ വിലയിരുത്തണമെന്നും രാഹുല്‍ പറഞ്ഞു.


Similar Posts