
പ്രസ്ഥാനത്തിനും നാടിനും വേണ്ടി പൊലീസിന്റെ ക്രൂരമർദനത്തിനിരയായത് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും: രാഹുൽ മാങ്കൂട്ടത്തിൽ
|'സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു'
കോഴിക്കോട്: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ചതിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രസ്ഥാനത്തിനും നാടിനും വേണ്ടി പൊലീസിന്റെ ക്രൂരമർദനത്തിനിരയായത് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസ് മർദനങ്ങളുടെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും പൊലീസ് ശ്രമിച്ചെന്നും നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പുറത്തുവന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ലൈംഗികകാരോപണം ഉയർന്നതിനെ തുടർന്ന് പാർട്ടി നടപടി നേരിട്ട ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിക്കുന്നത്.
തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നതായിരുന്നു ദൃശ്യത്തിലുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്…..
സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും