
എംഎൽഎ സ്ഥാനം രാജിവെക്കില്ല; ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കുട്ടത്തിൽ
|രാഹുലിന്റെ അടുത്ത വൃത്തങ്ങളോട് ഈ തീരുമാനം പങ്കുവെച്ചതായാണ് വിവരം
പാലക്കാട്: എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കുട്ടത്തിൽ. രാജി ആലോചനയിൽ പോലുമില്ലെന്നും രാഹുൽ പറഞ്ഞു. പുറത്തുവന്ന പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാനം രാജിവെച്ച രാഹുൽ എംഎൽഎ സ്ഥാനം കൂടി ഒഴിയണമെന്ന് കോൺഗ്രസിന്റെ ഉള്ളിൽ നിന്നടക്കമുള്ള വാദങ്ങളെ തള്ളി കൊണ്ടാണ് രാഹുലിന്റെ നിലപാട്. രാഹുലിന്റെ അടുത്ത വൃത്തങ്ങളോട് ഈ തീരുമാനം പങ്കുവെച്ചതായാണ് വിവരം.
രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പാർട്ടി സ്ഥാനം ഒഴിഞ്ഞതെന്ന് തന്നെയാണ് രാഹുലിന്റെ നിലപാട്. അതിനപ്പുറത്തേക്ക് പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിൽ എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ല എന്ന പാർട്ടിക്ക് ഉള്ളിൽ തന്നെയുള്ള നിലപടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ മാങ്കുട്ടത്തിൽ.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടി മാത്രമാണെന്ന് സതീശൻ തുറന്നടിച്ചു. എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നിലപാട് കൂടി തള്ളിക്കളഞ്ഞാണ് വി.ഡി സതീശന്റെ നീക്കം.
സംഘടന നടപടിയിൽ എല്ലാം അവസാനിപ്പിക്കാനായിരുന്നു ആദ്യ നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ ആ ഘട്ടം പിന്നിട്ടു. എന്നാൽ കൂടുതൽ ആരോപണങ്ങൾ ഉയർന്നതോടെ എംഎൽഎ സ്ഥാനത്ത് നിന്ന് കൂടി രാജിവെപ്പിക്കണമെന്ന ആവശ്യം ഉയർന്നു.