< Back
Kerala
രാജ്ഭവൻ കൊളോണിയൽ സ്വാധീനമുള്ള പേരെന്ന് കേന്ദ്രം; ഇനി മുതൽ ലോക്ഭവൻ  എന്നറിയപ്പെടും
Kerala

'രാജ്ഭവൻ' കൊളോണിയൽ സ്വാധീനമുള്ള പേരെന്ന് കേന്ദ്രം; ഇനി മുതൽ 'ലോക്ഭവൻ' എന്നറിയപ്പെടും

Web Desk
|
30 Nov 2025 10:01 AM IST

പേരുമാറ്റം നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം 25ന് ഉത്തരവിറക്കിയിരുന്നു

ന്യൂഡല്‍ഹി: രാജ് ഭവനുകളുടെ പേരുമാറ്റി കേന്ദ്രസർക്കാർ. അസം, ബംഗാൾ രാജ്ഭവനുകളുടെ പേര് മാറ്റി ലോക്ഭവൻ എന്നാക്കി. മറ്റ് സംസ്ഥാനങ്ങളിലും പേരുമാറ്റൽ ഉടൻ നടപ്പിലാക്കും. രാജ്ഭവൻ എന്നത് കൊളോണിയൽ സ്വാധീനമുള്ള പേരെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

പേരുമാറ്റം നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം 25ന് ഉത്തരവിറക്കിയിരുന്നു. 2024 ല്‍ രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ വെച്ച് രാജേന്ദ്ര ആര്‍ലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവന്‍ എന്നാക്കണം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. രാജ്ഭവന്‍ എന്ന പേരിന്റെ അര്‍ത്ഥം ഭരണാധികാരിയുടെ വസതി എന്നാണെന്നും ലോക്ഭവനെന്നാല്‍ ജനങ്ങളുടെ വസതിയാണെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റം. രാജ്ഭവനുകളെ കൂടുതല്‍ ജനകീയമാക്കി സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സാന്നിധ്യം ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം.

രാജ്ഭവന്റെ പേരുമാറ്റി അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ വെള്ളിയാഴ്ചയാണ് വിജ്ഞാപനമിറക്കിയത്. ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഇന്നലെയും വിജ്ഞാപനമിറക്കിയിരുന്നു.പേര് മാത്രമല്ല, ലെറ്റർഹെഡുകൾ, ഗേറ്റുകളിലെ നെയിംപ്ലേറ്റുകൾ, വെബ്‌സൈറ്റുകൾ തുടങ്ങിയ എല്ലാ ഔദ്യോഗിക രേഖകളും മാറ്റുമെന്നും സി.വി ആനന്ദബോസ് പറഞ്ഞു.


Similar Posts