< Back
Kerala
വാളയാര്‍ ആൾക്കൂട്ടക്കൊല; രാം നാരായണന്‍റെ  കുടുംബത്തിന്  10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും: മന്ത്രി കെ.രാജൻ
Kerala

വാളയാര്‍ ആൾക്കൂട്ടക്കൊല; രാം നാരായണന്‍റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകും: മന്ത്രി കെ.രാജൻ

Web Desk
|
22 Dec 2025 10:45 AM IST

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും

തൃശൂര്‍: വാളയാറിൽ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ രാം നാരായണന്‍റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജൻ . കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം നൽകുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ രാംനാരായണന്‍റെ കുടുംബവുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഉറപ്പുലഭിച്ച സാഹചര്യത്തിൽ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു.

വാളയാർ ആൾക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്നത് മറച്ചുവെയ്ക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു. ബംഗ്ലാദേശിയെന്ന് ആരോപിച്ചാണ് ആൾക്കൂട്ട ആക്രമണം നടത്തിയത്. ആര്‍എസ്എസ് നേതാക്കൾ ഇതിന് നേതൃത്വം നൽകി. വെറും ആൾക്കൂട്ട കൊലയല്ല നടന്നത്. പ്രതികൾക്ക് പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇത് പകൽ പോലെ വ്യക്തമാണ്. ആർ എസ് എസാണ് ഇതിനു പിന്നിലെന്ന് തെളിഞ്ഞിട്ടും മാധ്യമങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചുവെന്ന് റിപ്പോർട്ടിൽ പരാമർശം. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്‍റെ മുതുകിലും മുഖത്തും ഇവർ ചവിട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഢ് സർക്കാർ ആൾക്കൂട്ട കൊലയുടെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.



Similar Posts