< Back
Kerala
വിഎസിൻ്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
Kerala

വിഎസിൻ്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

Web Desk
|
22 July 2025 8:25 PM IST

സമാനതകളില്ലാത്ത ഇതിഹാസവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാളുമാണ് അച്യുതാനന്ദന്‍ എന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല. കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. സമാനതകളില്ലാത്ത ഇതിഹാസവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാളുമാണ് അച്യുതാനന്ദന്‍. രമേശ് ചെന്നിത്തല പറഞ്ഞു.

'എന്റെ ബാല്യം മുതല്‍ കേട്ടുതുടങ്ങിയ പേരാണത്. ഞാന്‍ കെഎസ്യു പ്രവര്‍ത്തകനായി ചെന്നിത്തലയില്‍ രാഷ്ട്രീയം തുടങ്ങിയ കാലത്തിനും എത്രയോ മുന്‍പേ അദ്ദേഹം പുന്നപ്ര- വയലാര്‍ സമരനായകനെന്ന നിലയില്‍ കേരളത്തിലെമ്പാടും അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു.' ചെന്നിത്തല പറഞ്ഞു.

'ഞാന്‍ പാര്‍ലമെന്റംഗമായി പോയപ്പോഴാണ് അച്യുതാനന്ദനുമായി അടുത്തിടപഴകാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. യാദൃശ്ചികമായി പലവട്ടം ഒന്നിച്ച് വിമാനത്തിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യാനുള്ള അവസരങ്ങളുണ്ടായി. പക്ഷേ, അതെല്ലാം അദ്ദേഹത്തെ അടുത്തു കാണാനും അറിയാനുമുള്ള അവസരങ്ങളായി മാറ്റി. രാഷ്ട്രീയമായി വളരെ അകലമുള്ളവരാണ് ഞങ്ങള്‍ രണ്ടു പേരും. വളരെ വിഭിന്നമായ ചേരിയില്‍ നിന്നുകൊണ്ട് പരസ്പരം അടരാടുമ്പോഴും സാധാരണ വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്.' രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരളരാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ അവസാനത്തെ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു.



Similar Posts