< Back
Kerala
വിവാഹ വാര്‍ഷികവും പുസ്തക ദിനവും ഒരുമിച്ച്; ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ചെന്നിത്തല
Kerala

വിവാഹ വാര്‍ഷികവും പുസ്തക ദിനവും ഒരുമിച്ച്; ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ചെന്നിത്തല

Web Desk
|
23 April 2021 7:28 PM IST

അനിതയുമായുള്ള വിവാഹ ജീവിതത്തിന് മൂന്നരപതിറ്റാണ്ട് തികഞ്ഞ വേളയില്‍ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിക്കൊണ്ടാണ് ചെന്നിത്തല വിവാഹ ദിവസം അവിസ്മരണീയമാക്കിയത്.

വിവാഹ വാര്‍ഷികവും പുസ്തകദിനവും ഒരുദിവസമായതോടെ വേറിട്ട ആഹ്ലാദ പ്രകടനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിതയുമായുള്ള വിവാഹ ജീവിതത്തിന് മൂന്നരപതിറ്റാണ്ട് തികഞ്ഞ വേളയില്‍ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിക്കൊണ്ടാണ് ചെന്നിത്തല വിവാഹ ദിവസം അവിസ്മരണീയമാക്കിയത്. 35 വര്‍ഷം തികയുന്ന ദാമ്പത്യ ജീവിതത്തിന്‍റെ പ്രതീകമായി 35 പുസ്തകങ്ങളാണ് തിരുവനന്തപുരം നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയ്ക്ക് ചെന്നിത്തലയും സഹധര്‍മ്മിണിയും ചേര്‍ന്ന് സമ്മാനിച്ചത്.

ഏപ്രിൽ 23നാണ് ചെന്നിത്തലയുടെ വിവാഹ വാര്‍ഷിക ദിനം. ലോക പുസ്തകദിനം കൂടിയാണ് 23 എന്ന പ്രത്യേകത കൂടി ഒത്തുവന്നതോടെ വിശേഷ ദിവസത്തില്‍ വേറിട്ട രീതിയില്‍ സന്തോഷം കണ്ടെത്തുകയായിരുന്നു ചെന്നിത്തലയും കുടുംബവും. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചെന്നിത്തല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അനിതയുമായുള്ള ജീവിതത്തിനു മൂന്നര പതിറ്റാണ്ടിന്റെ മധുരം. വിവാഹ വാർഷികത്തിൽ പലപ്പോഴും ഒരുമിച്ചുണ്ടാകുക പോലുമില്ല. എങ്കിലും വിശേഷ ദിവസങ്ങളിൽ വീട്ടിലെത്താനും കുടുംബത്തോടൊപ്പം കഴിയാനും ശ്രമിക്കാറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് എല്ലാവരും വിശേഷ ദിനങ്ങളിൽ ഒരുമിച്ചുണ്ടാകാൻ തുടങ്ങിയത്. മുപ്പത്തി അഞ്ചാമത് വിവാഹ വാർഷികം ആയ ഏപ്രിൽ 23 പുസ്തകദിനം കൂടി ആയതിനാൽ ഒരു ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങൾ നൽകാം എന്ന ആശയം മകൻ രമിത്താണ് പറഞ്ഞത്. മികച്ച ലൈബ്രറിയായി പേര് കേട്ട തിരുവനന്തപുരം നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങൾ ഞാനും അനിതയും ചേർന്ന് നൽകി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി അതിയന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ് വി.പി സുനിൽകുമാറിനും വിനോദ് സെന്നിനും കൈമാറി. പെരുമ്പടവത്തിൻ്റെ 'അശ്വാരൂഢൻ്റെ വരവ്' എന്ന ക്ലാസിക് നോവൽ അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ചു. നേരിട്ടും സോഷ്യൽ മീഡിയ വഴിയും ആശംസകൾ അറിയിച്ചവർക്കും നന്ദി

Similar Posts