< Back
Kerala
മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയ വിമർശനം മാത്രം; കെ.എം ഷാജിക്കെതിരായ കേസ് സി.പി.എമ്മിന്റെ പകപോക്കലെന്ന് രമേശ് ചെന്നിത്തല
Kerala

'മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയ വിമർശനം മാത്രം'; കെ.എം ഷാജിക്കെതിരായ കേസ് സി.പി.എമ്മിന്റെ പകപോക്കലെന്ന് രമേശ് ചെന്നിത്തല

Web Desk
|
25 Sept 2023 4:04 PM IST

വനിതാ കമ്മീഷൻ രാഷ്ട്രീയമായി അധഃപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണമെന്നും ചെന്നിത്തല

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെ.എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്ത നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമർശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകൾക്ക് എതിരുമാകുമെന്നും ചെന്നിത്തല ചോദിച്ചു.

മന്ത്രിയുടെ ഭാഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനു കേസെടുത്ത നടപടി കെ.എം ഷാജിക്കെതിരായ സി.പി.എമ്മിന്റെ പകപോക്കലിന്റെ ഭാഗമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്ന് പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുകയെന്നും ചെന്നിത്തല ചോദിച്ചു.

ശാരീരികപീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മീഷൻ ഷാജിക്കെതിരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെൺ മക്കളെ വേട്ടയാടിയതുവരെയുള്ള നിരവധി വിഷയങ്ങളിൽ കമ്മീഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങൾ ഉണ്ട്. കമ്മീഷൻ രാഷ്ട്രീയമായി അധഃപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണമെന്നും ഇത്തരം വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സി.പി.എം ഓർത്താൽ കൊള്ളാമെന്ന് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Similar Posts