
പൊള്ളയായ വാഗ്ദാനങ്ങളുടെ ബജറ്റ്: രമേശ് ചെന്നിത്തല
|സംസ്ഥാന ബജറ്റിൽ സർക്കാർ പ്രഖ്യാപിക്കുന്ന വികസനപ്രവർത്തനങ്ങൾ നടപ്പിൽ വരുത്താനുള്ള ഒരു നോഡൽ ഏജൻസിയായി കിഫ്ബി മാറിയിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമുള്ള ഒരു ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പ്രഖ്യാപിച്ചതൊക്കെ പൊള്ള എന്നാൽ കാര്യമായ പ്രഖ്യാപനങ്ങളും ഇല്ല എന്നാണ് അവസ്ഥ. കേരളത്തിന്റെ സമഗ്രപുരോഗതിക്കോ വളർച്ചയ്‌ക്കോ വഴിതെളിയിക്കുന്ന യാതൊന്നും ഇതിലില്ല.
കഴിഞ്ഞ ബജറ്റിലും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ട് 50 ശതമാനം ബജറ്റ് വെട്ടിക്കുറിച്ച ചരിത്രം മലയാളികൾക്കു മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ഈ ബജറ്റിൽ മുന്നോട്ടു വെച്ചിരിക്കുന്ന പ്രഖ്യാപനങ്ങളിൽ ജനം വിശ്വസിക്കുന്നില്ല. ഇതെല്ലാം കണ്ണിൽ പൊടിയിടാനുള്ളതാണ് എന്നവർക്കറിയാം.
സംസ്ഥാനത്തെ ക്ഷേമപെൻഷനിൽ വർധനവ് നൽകുമെന്ന് ജനങ്ങൾക്കു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അത്തരം കാര്യങ്ങളൊന്നും ബജറ്റിൽ പ്രഖ്യാപനമായി പോലും പറഞ്ഞിട്ടില്ല. അതിനു പകരം ഭൂനികുതിയിലടക്കം വർധന വരുത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചത് സംസ്ഥാനത്തെ നെറ്റ് സീറോ കാർബൺ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നികുതി കൂട്ടുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഇത് ആത്യന്തികമായി ഇലക്ട്രിക് വാഹനങ്ങളുടെ വില കൂട്ടുകയും കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെ ലോകവ്യാപകമായി നടക്കുന്ന ശ്രമങ്ങളിൽ നിന്നുള്ള തിരിച്ചു പോക്കാവുകയും ചെയ്യും.
സർക്കാർ ജീവനക്കാർക്കു വേണ്ടി നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. പക്ഷേ ഇതൊന്നും അവരുടെ കയ്യിൽ കിട്ടാൻ പോകുന്നില്ല എന്നു മുൻകാലാനുഭവങ്ങൾ വെച്ചിട്ട് അവർക്കു തന്നെ അറിയാം എന്നതു കൊണ്ട് അവരാരും ഇതിൽ സന്തോഷിക്കുമെന്നു തോന്നുന്നില്ല.
കിഫ്ബി ഒരു വെള്ളാനയാണ് എന്നുറച്ചു പ്രഖ്യാപിക്കുന്ന ബജറ്റാണിത്. സംസ്ഥാന ബജറ്റിൽ സർക്കാർ പ്രഖ്യാപിക്കുന്ന വികസനപ്രവർത്തനങ്ങൾ നടപ്പിൽ വരുത്താനുള്ള ഒരു നോഡൽ ഏജൻസിയായി കിഫ്ബി മാറിയിരിക്കുന്നു. ഇത്തരം ഒരു വെള്ളാനയാകും കിഫ്ബി എന്ന കാരണം കൊണ്ടു തന്നെയാണ് യുഡിഎഫ് അതിനെ എതിർത്തത്. ഇപ്പോൾ ഈ ബജറ്റിൽ അക്കാര്യം സർക്കാർ തന്നെ സമ്മതിച്ചിരിക്കുന്നു.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താൻ ഒരു കർമപദ്ധതിക്കും രൂപം കൊടുക്കാൻ ഈ ബജറ്റിന് സാധിച്ചിട്ടില്ല. കേരളത്തിന്റെ വളർച്ചാനിരക്കിനെ താഴോട്ടു കൊണ്ടുപോകുന്ന ഒന്നായിരിക്കും ഈ ബജറ്റ്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്ക്ക് പരിഹാരം കാണാൻ ഈ ബജറ്റിന് സാധിക്കുന്നില്ല. ഇത് ജനവഞ്ചനയാണ്. ഇത് ആത്യന്തികമായി പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമുള്ള ജനവിരുദ്ധ ബജറ്റാണ്. ഇതിനെ കേരള ജനത അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.