
'തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, രാഹുലിനെതിരായ കോൺഗ്രസ് നടപടി സമാനതകളില്ലാത്തത്': രമേശ് ചെന്നിത്തല
|തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും കോടതി വിധി വന്നതിന് ശേഷം കൂടുതൽ നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടികള്‍ സമാനതകളില്ലാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനകത്തും ഇത്തരം ആരോപണങ്ങള്‍ നേരിട്ടവരുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറായില്ല. നടപടിയെടുക്കുന്നതിന് പകരം പ്രമോഷന്‍ നല്‍കുകയാണ് ചെയ്തത്. കേസ് കോടതിയില്‍ നില്‍ക്കുകയാണെന്നും ഉചിതമായ തീരുമാനം കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെതിരായ നടപടി മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്തതാണ്. സിപിഎമ്മിനകത്ത് ഇത്തരത്തിലുള്ള കേസ് വരുമ്പോള്‍ നടപടിയെടുക്കുന്നതിന് പകരം പ്രമോഷന്‍ നല്‍കുകയാണ് ചെയ്തത്. രാഹുലിന്റെ വ്യക്തിപരമായ വിഷയങ്ങളില്‍ പോലും പാര്‍ട്ടി തീരുമാനമെടുത്തിരിക്കുകയാണ്. കോടതിയുടെ വിധി വരുന്നത് പ്രകാരം പാര്‍ട്ടി കൂടുതല്‍ നടപടികളിലേക്ക് കടക്കും- രമേശ് ചെന്നിത്തല പ്രതികരിച്ചു.
തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വന്നതിന് ശേഷം കൂടുതല്‍ കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കാനിരിക്കുകയാണ് കെപിസിസി നേതൃത്വം. രാഹുലിനെതിരെ മറ്റൊരു യുവതി കൂടി പീഡനപരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെയാണ് കെപിസിസി നിലപാട് കടുപ്പിച്ചിരിക്കുന്നത്. യുവതി നല്‍കിയ പരാതി കെപിസിസി ഡിജിപിക്ക് കൈമാറി. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന.