< Back
Kerala
സെന്റ് ജമ്മാസ് സ്‌കൂളിലെ മുൻ അധ്യാപകൻ ശശി കുമാറിനെതിരായ പീഡനപരാതി; പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് ആക്ഷേപം
Kerala

സെന്റ് ജമ്മാസ് സ്‌കൂളിലെ മുൻ അധ്യാപകൻ ശശി കുമാറിനെതിരായ പീഡനപരാതി; പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് ആക്ഷേപം

Web Desk
|
9 Jun 2022 7:04 AM IST

ശശികുമാറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടവരിൽ നിന്ന് ലഭിച്ച മുഴുവൻ വിവരങ്ങളും പോലീസിനെ ധരിപ്പിച്ചെങ്കിലും അതൊന്നും പൊലീസ് അന്വേഷണ പരിധിയിൽ വന്നില്ലെന്നും ആക്ഷേപമുണ്ട്.

മലപ്പുറം: സെന്റ് ജമ്മാസ് സ്‌കൂൾ മുൻ അധ്യാപകൻ ശശികുമാറിനെതിരായ പീഡനപരാതിയിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് ആക്ഷേപം. സ്‌കൂൾ മാനേജ്‌മെന്റിന് നൽകിയ പരാതി അധികൃതർ അവഗണിച്ചത് പൊലീസ് അന്വേഷിച്ചില്ലെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ കുറ്റപ്പെടുത്തി. പീഡനക്കേസുകളിൽ റിമാൻഡിലായ ശശികുമാറിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

മലപ്പുറം നഗരസഭയിലെ മുൻ സിപിഎം കൗൺസിലറും സെന്റ് ജമ്മാസ് സ്‌കൂൾ അധ്യാപകനുമായിരുന്ന കെ.വി ശശികുമാറിനെതിരെ സ്‌കൂൾ അധികൃതർക്ക് 2019 ൽ പരാതി നൽകി. ഒരു വിദ്യാർഥിയുടെ രക്ഷിതാവാണ് രേഖാമൂലം പരാതി നൽകിയത്. ഈ പരാതി സ്‌കൂൾ അധികൃതർ അവഗണിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം മറച്ചുവെക്കുന്നതും ശിക്ഷാർഹമായിട്ടും ഇക്കാര്യങ്ങൾ പൊലീസ് അന്വേഷിച്ചിട്ടില്ലെന്നാണ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ പരാതി.

ശശികുമാറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടവരിൽ നിന്ന് ലഭിച്ച മുഴുവൻ വിവരങ്ങളും പോലീസിനെ ധരിപ്പിച്ചെങ്കിലും അതൊന്നും പൊലീസ് അന്വേഷണ പരിധിയിൽ വന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് പോക്‌സോ കേസുകൾ ഉൾപ്പെടെ ആറ് പീഡനപരാതികളിലാണ് ശശികുമാറിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. കേസിന്റെ അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നാണ് പോലീസ് കോടതിയെ അറിയിച്ചു. തുടർന്നാണ് രണ്ട് പോക്‌സോ കേസുകളിൽ മഞ്ചേരി പോക്‌സോ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.

Related Tags :
Similar Posts