< Back
Kerala
പീഡന പരാതി; കോഴിക്കോട് ഖാദിക്കെതിരെ കേസ്
Kerala

പീഡന പരാതി; കോഴിക്കോട് ഖാദിക്കെതിരെ കേസ്

Web Desk
|
15 Oct 2022 12:17 AM IST

കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കൗൺസിലിംഗിന്റെ ഭാഗമായാണ് യുവതി ഖാദിയെ പരിചയപ്പെടുന്നത്

കോഴിക്കോട്: പീഡന പരാതിയിൽ കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങൾക്കെതിരെ കേസ്. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിനിയായ 37കാരിയുടെ പരാതിയിൽ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ഐപിസി 376, 506 വകുപ്പ് പ്രകാരമാണ് മുഹമ്മദ് സയ്യിദ് ജമലുല്ലൈലി തങ്ങൾക്കെതിരെ പീഡനപരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019ന്റെ തുടക്കം മുതൽ 2021 അവസാനം വരെ പരപ്പനങ്ങാടിയിലും മറ്റ് സ്ഥലങ്ങളിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കൗൺസിലിംഗിന്റെ ഭാഗമായാണ് യുവതി ഖാദിയെ പരിചയപ്പെടുന്നത്. ഈ ബന്ധം മുതലെടുത്തുകൊണ്ട് ഖാദി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ആദ്യം കോഴിക്കോട് വനിതാ സെല്ലിൽ നൽകിയ പരാതി പിന്നീട് വനിതാ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഖാദി ജമലുല്ലൈലി തങ്ങൾ എസ്‌വൈഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അടുത്ത ദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Similar Posts