< Back
Kerala
rapael thattil_munambam
Kerala

'മരണം വരെ ഒപ്പമുണ്ടാകും, സമരക്കാർ ഒറ്റക്കല്ല'- മുനമ്പം സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി റാഫേൽ തട്ടിൽ

Web Desk
|
9 Nov 2024 5:40 PM IST

വഖഫ് നിയമം സുതാര്യമല്ലെന്നും മുനമ്പം നിവാസികളെ ഇറക്കിവിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു.

കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. സമര പന്തലിലെത്തിയാണ് റാഫേൽ തട്ടിൽ പിന്തുണ അറിയിച്ചത്. വഖഫ് നിയമം സുതാര്യമല്ലെന്നും മുനമ്പം നിവാസികളെ ഇറക്കിവിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും റാഫേൽ തട്ടിൽ പറഞ്ഞു.

'വഖഫ് നിയമം സുതാര്യമല്ല, ആരെല്ലാം പരിധിയിൽ വരുമെന്ന് അറിയില്ല. കുടിയിറക്കൽ മനുഷ്യത്വവിരുദ്ധവും ജനാധിപത്യത്തിന് വിരുദ്ധവുമാണ്. മുനമ്പത്തെ പ്രശ്‌നം രാഷ്ട്രീയപാർട്ടികൾക്ക് അടുത്ത തെരഞ്ഞെടുപ്പ് കാലത്താകും ഓർമവരിക. കണക്ക് ചോദിക്കാൻ അറിയുന്നവരാണ് ഞങ്ങൾ എന്ന് മനസിലാക്കുക. ഓർക്കേണ്ട കാര്യങ്ങൾ ഓർത്ത് കണക്കു ചോദിക്കാൻ ജനങ്ങൾക്ക് വിവേകമുണ്ടാകണം. എപ്പോഴും വോട്ട് ചെയ്യുന്നവർക്ക് അല്ലാതെ മാറി വോട്ട് ചെയ്യാൻ ഈ ജനതക്ക് അറിയാം എന്ന് മറക്കരുത്'- റാഫേൽ തട്ടിൽ സമരപ്പന്തലിൽ പറഞ്ഞു.

നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ താനുണ്ടാകും കൂടെയെന്ന് അദ്ദേഹം ഉറപ്പ് നൽകി. സഭയെന്നതിനേക്കാൾ ഇത് മനുഷ്യരുടെ പ്രശ്‌നമാണ്. ജനാധിപത്യമൂല്യങ്ങൾക്ക് അടിസ്ഥാനമായി പ്രശ്‌നം പരിഹരിക്കണം. ഗാന്ധിജിയുടെ സത്യഗ്രഹം മാതൃകയിലായിരിക്കണം പോരാട്ടം. അക്രമാസക്തമായ രീതിയിലല്ല എന്നും അദ്ദേഹം പറഞ്ഞു.

Similar Posts