< Back
Kerala
രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥ റദ്ദാക്കി; റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ വീണ്ടും ഇളവ്
Kerala

രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥ റദ്ദാക്കി; റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ വീണ്ടും ഇളവ്

Web Desk
|
3 Nov 2025 3:37 PM IST

തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസിലെ ജാമ്യവ്യവസ്ഥയിലാണ് ഇളവ്

കൊച്ചി: ജാമ്യ വ്യവസ്ഥയിൽ റാപ്പർ വേടൻ വീണ്ടും ഹൈക്കോടതി ഇളവ് നൽകി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസിലെ ജാമ്യവ്യവസ്ഥയിലാണ് ഇളവ്. രാജ്യം വിട്ടുപോകരുതെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വിദേശത്ത് സം​ഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയിൽ ഇളവ്.

അപമര്യാദയോടെയുള്ള പെരുമാറ്റം, സ്ത്രീത്വത്തെ അപമാനിച്ചു എന്നതുൾപ്പെടെയുള്ള കേസിൽ ജില്ലാ കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ വേടൻ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, വിദേശയാത്രകൾ ഒഴിവാക്കണം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് വ്യവസ്ഥകളിൽ ഇളവ് ചെയ്യണമെന്ന ആവശ്യങ്ങളായിരുന്നു വേടൻ ഹൈക്കോടതിയുടെ മുന്നിൽ വെച്ചത്.

ജർമനി, ഫ്രാൻസ്, സൗദി അറേബ്യ തുടങ്ങിയ നിരവധി രാജ്യങ്ങളി‍ൽ പരിപാടികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണവുമായി സഹകരിച്ചുപോകുന്ന പശ്ചാത്തലത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന ആവശ്യമാണ് ഹൈക്കോടതി അം​ഗീകരിച്ചിരിക്കുന്നത്.

നേരത്തെ, ​ഗവേഷക വിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിൽ വേടന്റെ മുൻകൂർ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. കേരളം വിടരുതെന്ന വ്യവസ്ഥയാണ് അന്ന് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. അഞ്ച് വിദേശരാജ്യങ്ങളിലേക്ക് പോകാൻ അനുമതി തേടിയാണ് വേടൻ കോടതിയെ സമീപിച്ചത്.

Similar Posts