
ശബരിമല കൊടിമരത്തിന്‍റെ പുനഃ പ്രതിഷ്ഠ; കേസെടുക്കാൻ സാധ്യത തേടി എസ്ഐടി
|വാജി വാഹനത്തിൻ്റെ കൈമാറ്റത്തിലെ കണ്ടെത്തലുകൾ കോടതി അറിയിക്കും
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമാണത്തിൽ കേസെടുക്കാൻ ആകുമോയെന്ന് എസ്ഐടി പരിശോധിക്കും. വാജി വാഹനം കൊണ്ടുപോയതിൽ അടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. സ്വർണത്തിന്‍റെ ശാസ്ത്രീയ പരിശോധന നടത്തിയ വി എസ് എസ് സിയുടെ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ് ഐടിക്ക് കൈമാറി.
പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആയിരിക്കെയാണ് ശബരിമലയിലെ കൊടിമരത്തിന്‍റെ നിർമാണവും വാജി വാഹനം തന്ത്രിക്ക് കൊടുത്തുവിടുകയും ചെയ്തത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് വിരുദ്ധമായിട്ടായിരുന്നു വാജി വാഹനത്തിന്‍റെ കൈമാറ്റം. ശബരിമലയിൽ നിന്ന് കൊണ്ടുപോയ വാജി വാഹനം തന്നെയാണോ തിരികെ എത്തിച്ചത് എന്നാണ് എസ്ഐടി പരിശോധിക്കുന്നത്.
കൊടിമരത്തിന്‍റെ നിർമാണത്തിന് വൻതോതിൽ പണം പിരിച്ചതായും സംശയമുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിലിന്റെ ഉൾപ്പെടെ മൊഴിയെടുത്തേക്കും . ക്രമക്കേട് കണ്ടെത്തിയാൽ കേസെടുക്കും. അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കും കേസെടുക്കുക.
ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പത്തിനും കട്ടിള പാളിക്കും പുറമേ കൂടുതൽ സ്വർണം കവർന്നിട്ടുണ്ടോ എന്ന് ഉടനെ അറിയാം. വിഎസ് എസ് സിയുടെ പരിശോധന റിപ്പോർട്ട് എഡിജിപി എച്ച്.വെങ്കിടേഷിന് കൈമാറി. എസ് ഐ ടി റിപ്പോർട്ട് പരിശോധിക്കുകയാണ്. തിങ്കളാഴ്ച പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.