
സീറ്റ് വിഭജനത്തിൽ ഒത്തുതീർപ്പിലെത്തിയില്ല; ഇടുക്കിയിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമത നീക്കം
|സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അട്ടിമറിച്ച് ജില്ലാനേതൃത്വം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങിയെന്നാരോപിച്ച് യൂത്ത് ലീഗിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു
ഇടുക്കി: സീറ്റ് വിഭജനത്തിൽ ഒത്തുതീർപ്പിലെത്താനാവാതെവന്നതോടെ ഇടുക്കിയിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമത നീക്കം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അട്ടിമറിച്ച് ജില്ലാനേതൃത്വം സ്ഥാനാർത്ഥി നിർണയത്തിലേക്ക് നീങ്ങിയെന്നാരോപിച്ച് യൂത്ത് ലീഗിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു. യുവാക്കൾക്ക് പരിഗണന നൽകാത്തത്തിലും പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്.
സീറ്റ് നിർണയുമായി ബന്ധപ്പെട്ട് ലീഗിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളാണ് ഒടുവിൽ പൊട്ടിത്തെറിയിലേക്ക് എത്തിയത്. തൊടുപുഴ നഗരസഭ മുൻ അധ്യക്ഷന്മാരായ എം.എ ഹരിദ്, സഫിയ ജബ്ബാർ എന്നിവരുടെ സ്ഥാനാർതിത്വത്തെ ചൊല്ലിയാണ് തർക്കം. മൂന്നുതവണയിൽ കൂടുതൽ മത്സരിച്ച ആളുകൾ മാറിനിൽക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം വ്യക്തി താൽപര്യങ്ങൾക്കുവേണ്ടി ചിലർ അട്ടിമറിക്കുകയാണെന്നാണ് യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ചർച്ചകളിൽ സമവായം ആകാതെ വന്നതോടെയാണ് പരസ്യ പ്രതികരണത്തിലേക്ക് വിമതരെത്തിയത്.
നേതാക്കളുടെ നിലപാടിനെതിരെ യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ തൊടുപുഴയിൽ വ്യാപകമായി ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ അവഗണിച്ചാൽ വിമത സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം. സീറ്റ് നിർണയത്തിൽ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇടുക്കിയിൽ ലീഗിന് വിമതനീക്കം കൂടി തലവേദന സൃഷ്ടിക്കുന്നത്.