
'എന്നും ലീഗുകാരന്‍'; കൊച്ചി കോർപറേഷനിൽ എല്‍ഡിഎഫിനെ പിന്തുണച്ച വിമതൻ ടി.കെ അഷ്റഫ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്
|ജന്മവീട്ടിലേക്കാണ് തിരിച്ചുപോകുന്നതെന്നും തന്റെ സാന്നിധ്യം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാകും പാർട്ടി രണ്ടുകൈയും നീട്ടി സ്വീകരിച്ചതെന്നും അഷ്റഫ് മീഡിയവണിനോട് പറഞ്ഞു
കൊച്ചി: കൊച്ചി കോർപറേഷനില്‍ കഴിഞ്ഞ അഞ്ച് വർഷവും എല്‍ഡിഎഫിനെ പിന്തുണച്ച മുസ്‍ലിം ലീഗ് വിമത കൗണ്‍സിലർ വീണ്ടും പാർട്ടിയിലേക്ക്.കല്‍വത്തി കൗണ്‍സിലർ ടി.കെ അഷ്റഫാണ് ലീഗില്‍ ചേരുന്നത്.അഷ്റഫിന് കലൂർ സീറ്റ് നല്‍കാന്‍ ലീഗില്‍ ധാരണയായിട്ടുണ്ട്. താന്‍ എന്നും ലീഗുകാരനാണെന്ന് അഷ്റഫ് മീഡിയവണിനോട് പറഞ്ഞു.
'എൽഡിഎഫിന് പിന്തുണ കൊടുക്കുമ്പോഴും അസംബ്ലി തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. ഞാൻ എന്റെ ജന്മവീട്ടിലേക്കാണ് തിരിച്ചുപോകുന്നത്.എന്നെ ഞാനാക്കിയ ജന്മനാട്ടിലേക്കാണ് വരുന്നത്. എന്റെ സാന്നിധ്യം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാകും പാർട്ടിയെന്നെ രണ്ടുകൈയും നീട്ടി സ്വീകരിച്ചത്.കലൂരിൽ മത്സരിക്കാനാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. മട്ടാഞ്ചേരിക്കാരനാണെങ്കിലും ഫോർട്ട് കൊച്ചിയിലും 20 വർഷം കൗൺസിലറും രണ്ട് വർഷം ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു.എന്റെ പരിചയ സമ്പന്നത കലൂരിലെ ജനങ്ങൾ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്'. അഷ്റഫ് പറഞ്ഞു.