< Back
Kerala
സണ്ണി എം. കപിക്കാടിനെ തഴഞ്ഞത് കോൺഗ്രസിന്റെ രാഷ്ട്രീയ വിഡ്ഢിത്തം: കെ.കെ. ബാബുരാജ്
Kerala

സണ്ണി എം. കപിക്കാടിനെ തഴഞ്ഞത് കോൺഗ്രസിന്റെ രാഷ്ട്രീയ വിഡ്ഢിത്തം: കെ.കെ. ബാബുരാജ്

Web Desk
|
18 March 2026 11:50 AM IST

വിവരദോഷികളായ ചില ഗ്രൂപ്പ് നേതാക്കളുടെ ഇടപെടലിലൂടെ വലിയൊരു രാഷ്ട്രീയ സാധ്യതയാണ് കോൺഗ്രസ് കളഞ്ഞുകുളിച്ചതെന്നും ബാബുരാജ് പറഞ്ഞു

കൊച്ചി: വൈക്കം നിയമസഭാ മണ്ഡലത്തിൽ സണ്ണി എം. കപിക്കാടിനെ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ വിമർശനവുമായി എഴുത്തുകാരനും ചിന്തകനുമായ കെ.കെ. ബാബുരാജ്. വിവരദോഷികളായ ചില ഗ്രൂപ്പ് നേതാക്കളുടെ ഇടപെടലിലൂടെ വലിയൊരു രാഷ്ട്രീയ സാധ്യതയാണ് കോൺഗ്രസ് കളഞ്ഞുകുളിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. സണ്ണി എം. കപിക്കാടിനെ കൂടാതെ വി.ആർ. അനൂപ്, പ്രശാന്ത് ഈഴവൻ എന്നിവരെയും തഴഞ്ഞത് ദളിത്-പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അതിക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായത് ഭരണവിരുദ്ധ വികാരം യുഡിഎഫിലേക്ക് ഏകീകരിക്കപ്പെടുന്നതിന്റെ സൂചനയാണെന്ന് ബാബുരാജ് നിരീക്ഷിക്കുന്നു. സണ്ണി എം. കപിക്കാടിനെപ്പോലൊരു ജനകീയ മുഖം സ്ഥാനാർഥിയായിരുന്നെങ്കിൽ ബിജെപി വോട്ടുകൾ കുറയുന്ന ഈ പ്രവണത നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമായിരുന്നു. എന്നാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് താല്പര്യങ്ങൾ ഈ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സണ്ണി കപിക്കാടിനും മറ്റ് യുവനേതാക്കൾക്കും ദളിത് മേഖലകളിൽ മാത്രമല്ല, മുസ്‌ലിം-പിന്നാക്ക സമുദായങ്ങൾക്കിടയിലും ജനാധിപത്യവാദികൾക്കിടയിലും വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് നേടിയ നേട്ടങ്ങൾക്ക് പിന്നിൽ ഇത്തരം ജനവിഭാഗങ്ങളുടെ കഠിനമായ പരിശ്രമമുണ്ട്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഈ വിഭാഗങ്ങളെ അവഗണിക്കുന്നത് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുമെന്ന് ബാബുരാജ് മുന്നറിയിപ്പ് നൽകുന്നു.

Similar Posts