
'ആരുണ്ടായിട്ടെന്താ... ഭാര്യ പോയാൽ ജീവിതം പോയില്ലേ..?ജീവിക്കാന്ന് മാത്രമേയൊള്ളൂ'; ഉരുളെടുത്ത ഉറ്റവരുടെ വേർപാടിൽ വിങ്ങി ബന്ധുക്കൾ
|മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ പ്രിയപ്പെട്ടവരെ കാണാനായി നിരവധി പേരാണ് പൊതു ശ്മശാനത്തിലെത്തുന്നത്
വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്. പാതിരാത്രിയിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളം കവർന്നത് 330 പേരെയാണെന്നാണ് ഔദ്യോഗിക കണക്ക്.ഉരുളെടുത്ത ഹതഭാഗ്യര്‍ ഒരുമിച്ചുറങ്ങുന്ന മണ്ണിന് 'ജൂലൈ 30 ഹൃദയ ഭൂമി' എന്നാണ് പേരിട്ടിരിക്കുന്നത്.പേരും മേല്‍വിലാസങ്ങളുമില്ലാത്ത ആരും തിരക്കി വരാനില്ലാത്തവരും ഈ മണ്ണില്‍ ഉറങ്ങുന്നുണ്ട്.
ആദ്യത്തെ ആണ്ടിന് പ്രിയപ്പെട്ടവരെ കാണാനായി നിരവധി പേരാണ് പൊതു ശ്മശാനത്തിലെത്തുന്നത്.ഉറ്റവരുടെ ഓര്‍മയില്‍ പലരും വിങ്ങിപ്പൊട്ടി.
'അഞ്ചുമക്കളുണ്ട്.പക്ഷേ ആരുണ്ടായിട്ടും കാര്യമില്ല.വയസായില്ലേ..ഭാര്യപോയാൽ ജീവിതം പോയില്ലേ..ജീവിക്കാന്ന് മാത്രേയൊള്ളൂ,അവളെന്ന നല്ലോണം നോക്കുമായിരുന്നു.'... ദുരന്തത്തില്‍ ഭാര്യയെയും മകളെയും നഷ്ടപ്പെട്ടയാള്‍ കണ്ണീരോടെ പറഞ്ഞു.
'ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരെല്ലാം ഒറ്റ രാത്രികൊണ്ടാണ് ഒലിച്ചുപോയത്. വീടോ സാധനങ്ങളോ പോയാലും കുഴപ്പമില്ലായിരുന്നു. ഇന്നലെ രാത്രി മുതൽ ഉറങ്ങിയിട്ടില്ല.വാട്ട്‌സാപ്പിൽ ഫോട്ടോകൾ വരുന്നത് മുതൽ ഉള്ളിലൊരാന്തലാണ്..മരിക്കുന്നത് വരെ എന്തൊക്കെ കിട്ടിയാലും ഇതൊന്നും മറക്കാൻ പറ്റില്ല...താങ്ങാവുന്നതിലപ്പുറമാണ്..' 'ഹൃദയഭൂമി'യിലെത്തിയവര്‍ പറയുന്നു.
ഉരുളെടുത്ത വെള്ളാർമല സ്കൂളിലെ 13 വിദ്യാർഥികൾക്കായി ഒരുക്കിയ പുഷ്പാർച്ചനയിൽ അധ്യാപകരും നാട്ടുകാരും വിങ്ങിപ്പൊട്ടിയിരുന്നു.