
കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ
|ദേളി, കുന്നുപാറയിലെ മുബഷീർ ആണ് മരിച്ചത്
കാസര്‍കോട്: കാസർകോട് റിമാൻഡ് പ്രതി മരിച്ച നിലയിൽ. സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.
ദേളി, കുന്നുപാറയിലെ അബ്ദുള്ളയുടെ മകൻ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്‌ച പുലർച്ചെ അഞ്ചര മണിയോടെയാണ് മുബഷീറിനെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വിദേശത്തായിരുന്ന മുബഷീർ രണ്ടുമാസം മുമ്പാണ് നാട്ടിൽ എത്തിയത്. മൂന്നാഴ്‌ച മുമ്പ് പോക്സോ കേസിൽ വാറൻ്റ് ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്‌തതെന്നു ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കോടതി റിമാന്‍ഡ് ചെയ‌്ത് സബ് ജയിലിലേയ്ക്ക് അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മാതാവും രണ്ടുദിവസം മുമ്പ് വിദേശത്ത് നിന്നു എത്തിയ അനുജനും സബ് ജയിലിൽ എത്തി മുബഷീറിനെ കണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും കുടുംബം പറയുന്നു. വിദഗ്ധ പോസ്റ്റുമോർട്ടം നടത്തി സംഭവത്തിന്‍റെ ദുരൂഹത അകറ്റണമെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. മുബഷീറിൻ്റെ മരണത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.