< Back
Kerala
കണ്ണൂരില്‍ എട്ട് സ്കൂളുകൾ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികള്‍ കുറവായതിനാല്‍; ഉപഡയറക്ടറുടെ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി
Kerala

'കണ്ണൂരില്‍ എട്ട് സ്കൂളുകൾ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികള്‍ കുറവായതിനാല്‍'; ഉപഡയറക്ടറുടെ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി

Web Desk
|
15 Jun 2025 10:08 AM IST

സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് സ്കൂളുകൾ പൂട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ എട്ട് എയ്ഡഡ് സ്കൂളുകൾ പൂട്ടിയതിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. എട്ട് സ്കൂളുകളും പൂട്ടിയതിന് കാരണം വിദ്യാർഥികളുടെ കുറവാണെന്നും സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് സ്കൂളുകൾ പൂട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

അടച്ചുപൂട്ടിയതില്‍ മൂന്ന് വിദ്യാലയങ്ങളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. തലശ്ശേരി സൗത്ത് ഉപജില്ലയിൽപ്പെട്ട പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂളില്‍ വിദ്യാർഥികൾ ആരും എത്താത്തതിനെ തുടർന്ന് രണ്ടുവർഷം മുമ്പാണ് അടച്ചുപൂട്ടിയത്. തലശ്ശേരി സൗത്ത് ഉപ ജില്ലയുടെ കീഴിൽ തന്നെ പ്രവർത്തിച്ചു വന്നിരുന്ന മേലൂർ ജൂനിയർ ബേസിക് സ്കൂള്‍ മൂന്നുവർഷം മുമ്പ് അടച്ചുപൂട്ടി. ആണ്ടല്ലൂർ കാവിന് സമീപത്തെ ആണ്ടല്ലൂർ ജെബിസ്കൂൾ അടച്ചുപൂട്ടിയതിന് പിന്നാലെ ഇടിച്ചുനിരത്തി. 1898ൽ ആരംഭിച്ച ന്യൂമാഹി പരിമഠം എൽപി സ്കൂളിന് കഴിഞ്ഞ വർഷമാണ് പൂട്ട് വീണത്.

തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ തന്നെ ഉൾപ്പെട്ട വാണി വിലാസം യുപി സ്കൂൾ, പപ്പൻ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്നിവയും അടച്ചു പൂട്ടിയിട്ട് കാലമേറെയായില്ല. ഒടുവിൽ കണ്ണൂർ നോർത്ത് സബ് ജില്ലയിൽ ഉൾപ്പെട്ട ഇരിവേരി ഇഎൽപി സ്കൂൾ, അതിരകം എൽ പി സ്കൂൾ എന്നിവയും അടച്ചുപൂട്ടി. പൂട്ട് വീണതൊക്കെയും എയ്ഡഡ് സ്കൂളുകൾക്കാണ്. അധ്യാപക നിയമനങ്ങൾക്ക് സർക്കാർ അനുമതി നൽകാത്തതാണ് സ്കൂളുകൾ അടച്ചുപൂട്ടാൻ കാരണം എന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം. പൊതുവിദ്യാലയങ്ങളുടെ പടിയിറങ്ങിയ വിദ്യാർഥികൾ ഒക്കെയും ചേക്കേറിയത് സ്വകാര്യ സ്കൂളുകളിലേക്കാണന്നും ഇവർ പറയുന്നു. പത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്.


Similar Posts