
മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കി; വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധവുമായി ചൂരൽമല നിവാസികൾ
|വായ്പ എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോൺ റിലീഫ് ചൂരൽമലയുടെ ആഭിമുഖ്യത്തിൽ ഇന്ന് കലക്ട്റേറ്റ് മാർച്ച് നടത്തും
കൽപ്പറ്റ: ചൂരൽ മലയിലെ സ്ഥിരതാമസക്കാരായ പലർക്കും ഇനിയും വായ്പകൾ എഴുതി തള്ളിയിട്ടില്ലെന്ന് പരാതി. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം മാറ്റി നിർത്തി എന്നാണ് ദുരിതബാധിതർ പറയുന്നത്. വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധിച്ച് ചൂരൽ മല നിവാസികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും ദുരന്തത്തെ തുടർന്ന് തൊഴിൽ ഉൾപ്പെടെ നഷ്ടപ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. ദുരന്തം നടന്ന ആദ്യ സമയത്ത് 10, 11, 12 വാർഡുകളിലെ മുഴുവൻ ആളുകളെയും ചേർത്തുനിർത്തുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും പിന്നീട് കുറച്ച് ആളുകളെ മാത്രം മാറ്റിനിർത്തി എന്നാണ് ഇവരുടെ പരാതി. ദുരന്തബാധിത മേഖലയിൽ സർക്കാർ ലിസ്റ്റിൽ പെട്ട ആളുകളുടെ കടം നേരത്തെ എഴുതിത്തള്ളിയിരുന്നു. ബാക്കിയുള്ളവരെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ലോൺ റിലീഫ് ഫോർത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് സംഘടിപ്പിച്ചത്.
ദുരന്തത്തിനുശേഷം ഉപജീവനമാർഗം പൂർണമായി നഷ്ടപ്പെട്ട ആളുകൾ ഇനി എന്ത് ചെയ്യും എന്ന് ആശങ്കയിലാണ്. 130 ഓളം വായപകളാണ് ഇനി ഉള്ളത്. തങ്ങളെ കൂടെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.