< Back
Kerala
കെ.എസ്.ഇ.ബിയിൽ പ്രമോഷനുകൾക്ക് നിയന്ത്രണം; ഇടപെട്ടത് മന്ത്രി
Kerala

കെ.എസ്.ഇ.ബിയിൽ പ്രമോഷനുകൾക്ക് നിയന്ത്രണം; ഇടപെട്ടത് മന്ത്രി

Web Desk
|
4 Oct 2022 11:17 AM IST

31,371 ജീവനക്കാരാണ് കെ.എസ്.ഇ.ബിയിലുള്ളത്. എന്നാൽ വൈദ്യുത റഗുലേറ്ററി കമ്മിഷൻ 30,321 പേരുടെ നിയമനമേ അംഗീകരിച്ചിട്ടുള്ളൂ.

തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ പ്രമോഷനുകൾക്ക് നിയന്ത്രണം. ഓഫീസർ തല പ്രമോഷനുകൾ ഉൾപ്പെടെയാണ് വൈദ്യുതി മന്ത്രി ഇടപെട്ട് തടഞ്ഞത്. 1050 ജീവനക്കാരുടെ നിയമനത്തിന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നൽകാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.

കഴിഞ്ഞ മാസം 26ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് പ്രമോഷൻ അുവദിക്കാൻ തീരുമാനമെടുത്തത്. സീനിയർ അസിസ്റ്റന്റ് തസ്തികയിൽ നിന്ന് സീനിയർ സൂപ്രണ്ടായി 204 പേർക്കും സബ് എൻജിനീയർ തസ്തികയിൽ ഡിപ്ലോമ കോട്ടയിൽ 80 പേർക്കും അസിസ്റ്റന്റ് എൻജിനീയർ നിന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറിലേക്ക് 50 പേർക്കും ലൈൻമാനിൽ നിന്ന് ഓവർസിയറായി 472 പേരുൾപ്പെടെ വിവിധ തസ്തികകളിലായുള്ള ആയിരത്തോളം പേർക്കാണ് പ്രമോഷൻ നൽകേണ്ടത്.

എന്നാൽ വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രമോഷൻ മരവിപ്പിച്ച നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ മന്ത്രിക്ക് കത്ത് നൽകി. 31,371 ജീവനക്കാരാണ് കെ.എസ്.ഇ.ബിയിലുള്ളത്. എന്നാൽ വൈദ്യുത റഗുലേറ്ററി കമ്മിഷൻ 30,321 പേരുടെ നിയമനമേ അംഗീകരിച്ചിട്ടുള്ളൂ.

സ്മാർട്ട് മീറ്ററും കംപ്യൂട്ടറൈസേഷനും വ്യാപകമാകുന്നതിനാൽ ഇത്രയും ജീവനക്കാരെ നിലനിർത്തേണ്ടതുണ്ടോയെന്നത് ബോർഡ് പരിശോധിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. 1050 ജീവനക്കാരുടെ നിയമനം കമ്മിഷൻ അനുവദിക്കാത്തതിനാൽ കടം വാങ്ങിയാണ് ഇവർക്ക് ശമ്പളം നൽകുന്നത്. ഇവർ വിരമിക്കുന്നതോടെ ഈ ഒഴിവിലേക്ക് പിന്നെ നിയമനം ഉണ്ടാകില്ല.

Similar Posts