< Back
Kerala
പാലക്കാട് ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം തടഞ്ഞ് റവന്യൂ വകുപ്പ്; ഒയാസിസ് നൽകിയ അപേക്ഷ തള്ളി
Kerala

പാലക്കാട് ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം തടഞ്ഞ് റവന്യൂ വകുപ്പ്; ഒയാസിസ് നൽകിയ അപേക്ഷ തള്ളി

Web Desk
|
7 Feb 2025 2:54 PM IST

അനധികൃത നിർമ്മാണം നടത്തിയാൽ കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്യണമെന്നും ആർഡിഒ നിർദേശിച്ചു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം തടഞ്ഞ് റവന്യൂ വകുപ്പ്. ഭൂമി തരം മാറ്റത്തിന് ഒയാസിസ് നൽകിയ അപേക്ഷ പാലക്കാട് ആർഡിഒ തള്ളി. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നായിരുന്നു ആവശ്യം. ഈ ഭൂമിയിൽ കൃഷി ചെയ്യണമെന്നാണ് ആർഡിഒ നിർദേശിച്ചത്.

അനധികൃത നിർമ്മാണം നടത്തിയാൽ കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്യണമെന്നും ആർഡിഒ നിർദേശിച്ചു. ബ്രൂവറിയിൽ സിപിഐയുടെ എതിർപ്പ് തുടരുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി.

സിപിഐയുടെ നാല് മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭായോഗമാണ് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയത്. അന്ന് മന്ത്രിസഭ യോഗത്തിൽ എതിർസ്വരങ്ങൾ ഒന്നും ഉയർന്നില്ല. എന്നാൽ, പാലക്കാട് സിപിഐ പ്രാദേശിക നേതൃത്വത്തിൽനിന്നും, പിന്നീട് പ്രതിപക്ഷത്തു നിന്നും എതിർ സ്വരങ്ങൾ ഉയർന്നിരുന്നു.

അതേസമയം, മദ്യനിർമാണശാലയും ആയി മുന്നോട്ടു പോകുമെന്ന് ഒയാസിസ് കമ്പനി വ്യക്തമാക്കി. കൃഷിഭൂമി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല.ആദ്യ അപേക്ഷയിൽ ഫാക്ടറി നിർമ്മാണത്തിന് എന്നു രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചു. തരം മാറ്റേണ്ട ഭൂമിയിൽ ഒന്നും ചെയ്യില്ല. ബാക്കി സ്ഥലത്താവും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയെന്നും കമ്പനി പ്രതിനിധി മീഡിയവണിനോട് പറഞ്ഞു.




Similar Posts