< Back
Kerala
ഗ്രൂപ്പ് പോര് തീരാതെ ബി.ജെ.പി; പുനഃസംഘടനയില്‍  പ്രതിഷേധം ശക്തമാക്കി കൃഷ്ണദാസ് പക്ഷം
Kerala

ഗ്രൂപ്പ് പോര് തീരാതെ ബി.ജെ.പി; പുനഃസംഘടനയില്‍ പ്രതിഷേധം ശക്തമാക്കി കൃഷ്ണദാസ് പക്ഷം

Web Desk
|
8 Oct 2021 6:59 AM IST

കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പങ്കെടുത്ത ബി.ജെ.പി വയനാട് ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രമുഖ നേതാക്കളെല്ലാം വിട്ടുനിന്നു

ബി.ജെ.പി സംസ്ഥാന പുനഃസംഘടനയിൽ പ്രതിഷേധം ശക്തമാക്കി കൃഷ്ണദാസ് പക്ഷം. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പങ്കെടുത്ത ബി.ജെ.പി വയനാട് ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രമുഖ നേതാക്കളെല്ലാം വിട്ടുനിന്നു. കെ.പി മധുവിനെ ജില്ലാ പ്രസിഡന്‍റാക്കിയതില്‍ പ്രതിഷേധിച്ച് ബത്തേരി മണ്ഡലം പ്രസിഡന്‍റും മഹിളാ മോർച്ച ജില്ലാ പ്രസിഡന്‍റും രാജി വച്ചതോടെ വയനാട്ടിലെ ഗ്രൂപ്പ് പോരും രൂക്ഷമായി.

ബി.ജെ.പി കോർ കമ്മിറ്റി അംഗങ്ങളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എൻ രാധാകൃഷ്ണൻ, സി.കെ പത്മനാഭൻ തുടങ്ങിയവരാണ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. പ്രോഗ്രാം നോട്ടീസിൽ ഇവരുടെ പേരുകൾ അച്ചടിച്ചതിന് ശേഷമായിരുന്നു നേതാക്കളുടെ പിൻമാറ്റം. ശിലാഫലകത്തിൽ ഇവരുടെയൊക്കെ പേരുകൾ ആലേഖനം ചെയ്തിട്ടുമുണ്ട്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഏകപക്ഷീയമായ നിലപാടുകളെടുക്കുന്നു വെന്നാണ് ആക്ഷേപം. സംസ്ഥാന നേതാക്കളിൽ കെ സുരേന്ദ്രൻ വിഭാഗം നേതാവായ സി. കൃഷ്ണകുമാർ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്.

വയനാട് ജില്ലാ പ്രസിഡന്‍റ് സജി ശങ്കറെ നീക്കി കെ സുരേന്ദ്രൻ പക്ഷ നേതാവായ കെ.പി മധുവിനെ ജില്ലാ പ്രസിഡന്‍റാക്കിയതോടെ വയനാട് ജില്ലാ ബി.ജെ.പിയിലും പ്രതിസന്ധി രൂക്ഷമായി. ബത്തേരി മണ്ഡലം പ്രസിഡന്‍റ് കെ. ബി മദൻലാൽ അടക്കം 13 അംഗ മണ്ഡലം കമ്മറ്റി രാജി വച്ചതിനു പിന്നാലെ മഹിളാമോർച്ച ജില്ലാ പ്രസിഡന്‍റ് ലളിത വില്‍സണ്‍‌ ഉൾപ്പെടെ ഒൻപതംഗ ജില്ലാ കമ്മറ്റിയും രാജിവച്ചു. വരും ദിവസങ്ങളിലും വയനാട് ജില്ലാ ബി.ജെ.പിയിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നേക്കുമെന്നാണ് സൂചന.



Similar Posts