
ഐക്യദാർഢ്യ സംഗമത്തെക്കുറിച്ച് പൊലീസ് നുണ പ്രചാരണം നടത്തുന്നു: റിജാസ് സോളിഡാരിറ്റി ഫോറം
|'ഓപ്പറേഷൻ സിന്ദൂറി'നെ വിമർശിച്ചുവെന്ന് ആരോപിച്ചാണ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയൻ പ്രവർത്തകനായ റിജാസിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്
കൊച്ചി: മഹാരാഷ്ട്ര ജയിലിൽ കഴിയുന്ന റിജാസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിക്കെതിരെ പൊലീസ് നടത്തുന്നത് നുണപ്രചാരണമെന്ന് റിജാസ് സോളിഡാരിറ്റി ഫോറം. ആഗസ്റ്റ് 27ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും കിട്ടിയ അനുമതിയോടുകൂടി നടത്തിയ പരിപാടിയാണ് റിജാസ് ഐക്യദാർഢ്യ സംഗമം. അനുമതിയില്ലാതെ അന്യായമായി സംഘം ചേർന്നു എന്ന് പോലീസ് പറയുന്നത് തികച്ചും വസ്തുതാ വിരുദ്ധമാണ്. മാത്രമല്ല, എഫ്‌ഐആറിന്റെ പേജ് നാലിൽ ഉള്ളടക്കം 12ൽ പറയുന്നത് വഴിയാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചു എന്നാണ്. വഞ്ചി സ്‌ക്വയറിന് അകത്ത് നടത്തിയ പരിപാടി വഴിയാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചുവെന്ന് പൊലീസ് പറയുന്നത് വസ്തുതാ വിരുദ്ധമാണ്.
പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ വലിയ സന്നാഹവുമായി പൊലീസ് എത്തുകയുണ്ടായി. സംഘാടകരോട് സംസാരിച്ച്, മൈക്ക് പർമിഷൻ ഇല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന നോട്ടീസിൽ ഒപ്പിട്ട് വാങ്ങുകയും, മറ്റ് തടസ്സങ്ങളില്ല പെറ്റി കേസ് മാത്രമുള്ളൂ എന്ന് അറിയിക്കുകയും ചെയ്തതാണ്. പരിപാടി കഴിയുവോളം ഈ സന്നാഹം വഞ്ചി സ്‌ക്വയറിനു ചുറ്റും തടിച്ചു കൂടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പരിപാടി സ്ഥലത്തേക്ക് ആളുകൾക്ക് കയറിവരാൻ പറ്റാത്ത വിധം വഴി തടസ്സപ്പെടുത്തുകയും ചെയ്തു. പരിപാടിക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥർ പരിപാടി നടന്ന സ്ഥലത്തേക്ക് കയറി വരികയും, യാതൊരു പ്രകോപനവും ഇല്ലാതെ പരിപാടിയിൽ പങ്കെടുക്കാൻ വന്നവരോട് പേരും അഡ്രസ്സും ചോദിച്ചു. സംഘാടകരുടെ ഒഴികെ മറ്റാരുടെയും വിവരങ്ങൾ തരാൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ചു നിന്നതിൽ പ്രകോപിതരായാണ് പൊലീസ് അവിടെയുണ്ടായിരുന്ന ഡോ. പിജി ഹരിയേയും ഷനീറിനേയും അറസ്റ്റ് ചെയ്യുന്നത്. ഡോ. ഹരി, ഷനീർ, നിഹാരിക, സിദ്ദീഖ് കാപ്പൻ, അംബിക, സിപി റഷീദ്, സജീദ് ഖാലിദ്, ബാബുരാജ് ഭഗവതി, വിഎം ഫൈസൽ, മൃദുല ഭവാനി എന്നിവർക്കെതിരെ ഇപ്പോൾ FIR No. 1272/25 പ്രകാരം കേസെടുത്തിരിക്കുകയാണെന്നും റിജാസ് സോളിഡാരിറ്റി ഫോറം പ്രസ്താവനയിൽ പറഞ്ഞു.
'ഓപ്പറേഷൻ സിന്ദൂറി'നെ വിമർശിച്ചുവെന്ന് ആരോപിച്ചാണ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയൻ പ്രവർത്തകനായ റിജാസിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. മേയ് മൂന്നിന് ഡൽഹിയിൽ വരുമ്പോൾ സുഹൃത്തിനെ കാണാനായി നാഗ്പൂരിൽ ഇറങ്ങിയ റിജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് എടിഎസിന് കൈമാറുകയായിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് റിജാസിനെതിരെ കേസെടുത്തത്.