
'ഇനിയും സിപിഎമ്മിൽ കലാപത്തിന് തിരി കൊളുത്തപ്പെടാം': വി.ഡി സതീശൻ
|ഘടക കക്ഷികളിലെ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെയാണ് പൂർത്തിയാക്കിയത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടയിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണ്. ഘടക കക്ഷികളിലെ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെയാണ് പൂർത്തിയാക്കിയത്.
സിപിഎമ്മിൽ ഇതുവരെയില്ലാത്ത കലാപമാണ്. 33 വർഷത്തെ ഭരണം കൊണ്ടായിരുന്നു ബംഗാളിൽ സിപിഎം തകർന്നത്. പത്തു വർഷം കൊണ്ട് കേരളത്തിൽ വലിയ തകർച്ചയിലേക്ക് ആണ് പോകുന്നത്. ഇനിയും സിപിഎമ്മിൽ കലാപത്തിന് തിരി കൊളുത്തപ്പെടാം. ഞങ്ങൾക്ക് ഒരു വര്‍ഷം മുൻപറിയാം. ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരും വോട്ട് ചെയ്യാൻ പോകുന്നത് യുഡിഎഫിനാണെന്ന് ഒരു വര്‍ഷം മുൻപ് പറഞ്ഞുതുടങ്ങിയതല്ലേ. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ഇതിന്‍റെ തുടര്‍ച്ച കേരളത്തിലുണ്ടാകും.
കെ.സുധാകരൻ എന്‍റെയും നേതാവാണ്. സ്ഥാനാർഥി നിർണയത്തിൽ കാല താമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചില എംപിമാർ മത്സരിച്ചാൽ വിജയിക്കും എന്നത് യഥാർഥ്യമാണ്. എംപിമാരുടെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കണം. സുധാകരൻ വിളിച്ചിരുന്നു. കോൺഗ്രസ് സിപിഎമ്മിനെ പോലെ പ്രാദേശിക പാർട്ടിയല്ലല്ലോ. സ്ഥാനാർത്ഥി പട്ടികക്ക് കൂടിയാലോചന വേണമല്ലോയെന്നും ചെന്നിത്തല വ്യക്തമാക്കി.