< Back
Kerala
robbery in petrol pump kozhikode three under custody
Kerala

ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി പെട്രോൾ പമ്പിലെ മോഷണം; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

Web Desk
|
21 Nov 2023 9:08 AM IST

നാല് പേരാണ് സംഘത്തിലെന്നും ഒരാൾ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറയുന്നു.

കോഴിക്കോട്: ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കവർച്ച നടത്തിയത് അന്തർ സംസ്ഥാന മോഷ്ടാക്കളായിരുന്നു എന്നായിരുന്നു നേരത്തെ പൊലീസ് നിഗമനം.

പ്രതികൾ എത്തിയത് തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിലായിരുന്നു എന്നതായിരുന്നു ഇത്തരമൊരു സംശയത്തിനു കാരണം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. നാല് പേരാണ് സംഘത്തിലെന്നും ഒരാൾ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, പ്രതികളിൽ ഒരാൾക്ക് 18 വയസ് തികഞ്ഞിട്ടുണ്ടോ എന്നതിൽ പൊലീസിന് സംശയമുണ്ട്. ഈ മാസം 17ന് അർധരാത്രി രണ്ടോടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മാങ്ങാപൊയിൽ എച്ച്.പി പെട്രോൾ പമ്പിൽ മൂന്ന് യുവാക്കൾ ഇന്ധനം നിറയ്ക്കാനായി എത്തി ജീവനക്കാരന് നേരെ മുളക് പൊടി വിതറി പണം കവരുകയായിരുന്നു. ഒരാൾ മുളക് പൊടി എറിയുന്നതും കൂടെയുണ്ടായിരുന്ന ആൾ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം മറയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പണം കവർന്ന ശേഷം ഓടിരക്ഷപെടുകയായിരുന്നു.

Similar Posts