< Back
Kerala
സാധാരണ പരിശോധന മാത്രം; റോബിൻ ബസ് ചെക്കിങ്ങിൽ എംവിഡി
Kerala

'സാധാരണ പരിശോധന മാത്രം'; റോബിൻ ബസ് ചെക്കിങ്ങിൽ എംവിഡി

Web Desk
|
26 Dec 2023 11:47 AM IST

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് രോഷത്തോടെയാണ് നാട്ടുകാരും യാത്രക്കാരും പ്രതികരിച്ചത്

പത്തനംതിട്ട: പെർമിറ്റ് ലംഘനം നടത്തിയെന്ന് ആരോപിച്ച് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിൻ ബസ് സർവീസ് പുനരാരംഭിച്ചു. സർവീസ് ആരംഭിച്ച് മണിക്കൂറുകൾക്കകം മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയും ആരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ് മണ്ണാറക്കുളഞ്ഞിയിൽ എത്തിയ വേളയിലായിരുന്നു പരിശോധന.

പരിശോധന പൂർത്തിയാക്കിയ ശേഷം കോയമ്പത്തൂരേക്കുള്ള യാത്ര തുടരാൻ അനുവദിച്ചു. പതിവു പരിശോധനയാണ് നടത്തിയത് എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിശദീകരിച്ചത്. 'കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണ്. ഞാനഭിപ്രായമൊന്നും പറയുന്നില്ല. പരിശോധന പതിവു ചെക്കിങ്ങിന്റെ ഭാഗമാണ്.'- എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം.

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരോട് രോഷത്തോടെയാണ് നാട്ടുകാരും യാത്രക്കാരും പ്രതികരിച്ചത്. 'ഇത് ഓവർ ഷോയാണ്. ഇതിലൂടെ ഒരുപാട് വണ്ടികൾ പോകുന്നുണ്ട്. അതിലൊന്നും നിയമലംഘനമില്ലേ. ഈ പാവം പിടിച്ചവനെ ഇങ്ങനെ ദ്രോഹിക്കുന്നത് ശരിയായ നടപടിയല്ല' - എന്നാണ് ഒരാൾ പ്രതികരിച്ചത്.

നിയമലംഘനത്തിന് 82000 രൂപ പിഴ ഒടുക്കിയതിന് പിന്നാലെയാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണ് എന്നാണ് എംവിഡി പറയുന്നത്. ഇതിനെതിരെ നടത്തിപ്പുകാരൻ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ അടുത്ത മാസം അന്തിമ വിധി വരും.



Related Tags :
Similar Posts