< Back
Kerala
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സെബാസ്റ്റ്യൻ പോളിന്റെ മകൻ റോണ്‍ ബാസ്റ്റ്യനും പരിഗണനയിൽ
Kerala

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സെബാസ്റ്റ്യൻ പോളിന്റെ മകൻ റോണ്‍ ബാസ്റ്റ്യനും പരിഗണനയിൽ

Web Desk
|
4 March 2026 9:57 AM IST

കെ.വി തോമസിനെ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാർഥിയാക്കാനും ആലോചനയുണ്ട്

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സെബാസ്റ്റ്യൻ പോളിന്റെ മകൻ റോണ്‍ ബാസ്റ്റ്യനെ പരിഗണിക്കുന്നു. വ്യവസായി മുഹമ്മദ് സഗീറും പരിഗണനയിലുണ്ട്. ഇതോടൊപ്പം കെ.വി തോമസിനെ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാർഥിയാക്കാനും ആലോചനയുണ്ട്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നു റോണ്‍. ഇദ്ദേഹം അഭിഭാഷകൻ കൂടിയാണ്.

ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തിലെ ചർച്ചയിലാണ് അഭിപ്രായങ്ങൾ ഉയർന്നത്. തൃപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണനെയും മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ശിപാർശ.

അതേസമയം, സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും, നാളെ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. വിവിധ ജില്ലാ സെക്രട്ടറിയേറ്റുകൾ തയ്യാറാക്കിയ പട്ടികയാണ് പരിഗണനയ്ക്ക് വരുന്നത്. സീറ്റ് വിഭജനം പൂർത്തിയാക്കാൻ വൈകിട്ട് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി സിപിഐയുടെ നിർവാഹസമിതിയും തിരുവനന്തപുരത്ത് ചേരും.

എല്ലാ ജില്ലാ സെക്രട്ടറിയേറ്റുകളും തയ്യാറാക്കിയ പ്രാഥമിക സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തിരുന്നു. ചില തിരുത്തലുകൾ വരുത്തിയാണ് പട്ടിക ജില്ലാ നേതൃത്വത്തിന് തിരികെ കൈമാറിയത്. ഉടുമ്പിൻ ചോലയിൽ എം.എം മണിക്ക് പകരം കെ.കെ ജയചന്ദ്രനെയും, തൃപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണനെയും മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ശിപാർശ.

മട്ടന്നൂരിൽ നിന്ന് കഴിഞ്ഞ തവണ ജയിച്ച കെ.കെ ശൈലജയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് ഉൾപ്പെടുത്തിയിരുന്നില്ല. പേരാവൂരിൽ മത്സരിക്കണമെന്ന് പൊതു അഭിപ്രായം ഉയർന്നു വന്നതോടെ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് കെ.കെ ശൈലജയുടെ പേര് അവിടെ ഉൾപ്പെടുത്തി. എന്നാൽ തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന് വീണ്ടും സീറ്റില്ല. തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്നത്.

Similar Posts