
'എംപി അദ്ദേഹത്തിന്റെ മകന് വേണ്ടി നിന്നു, നേതൃത്വമാണ് എന്നെ ഒഴിവാക്കിയത്'; എൻ.കെ പ്രേമചന്ദ്രനും ഷിബു ബേബി ജോണിനുമെതിരെ രാജിവെച്ച ആർഎസ്‍പി മണ്ഡലം സെക്രട്ടറി
|മത്സരിക്കുന്നതിന് മുന്നോടിയായി തയ്യാറെടുപ്പ് നടത്താൻ നേതാക്കൾ പറഞ്ഞിരുന്നെന്നും എൻ.നൗഷാദ് മീഡിയവണിനോട് പറഞ്ഞു
കൊല്ലം: ഇരവിപുരത്തെ ആർഎസ്‍പി സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ ഷിബു ബേബി ജോൺ, എ.എ അസീസ്, എൻ.കെ പ്രേമചന്ദ്രൻ എന്നിവർക്കെതിരെ രാജി വച്ച മണ്ഡലം സെക്രട്ടറി എൻ.നൗഷാദ്.
'പ്രേമചന്ദ്രൻ മകനെ മത്സരിപ്പിക്കാൻ ശ്രമിച്ചതും ഷിബു ബേബി ജോൺ ഇഷ്ടക്കാരനെ സ്ഥാനാർഥി ആക്കാൻ ശ്രമിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണം. മത്സരിക്കുന്നതിന് മുന്നോടിയായി തയ്യാറെടുപ്പ് നടത്താൻ നേതാക്കൾ തന്നോട് പറഞ്ഞിരുന്നു. എംപി അദ്ദേഹത്തിന്റെ മകന് വേണ്ടി നിന്നു, ഷിബുബേബി ജോണും എ.എ അസീസും അവരുടെ ആളുകൾക്ക് വേണ്ടി വാദിച്ചു. സ്വാഭാവികമായും താഴെ തട്ടിൽ നിന്ന് വന്ന,മണ്ഡലം കമ്മിറ്റിയിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ഞാൻ പിന്തള്ളപ്പെട്ടു. നേതൃത്വമാണ് എന്നെ ഒഴിവാക്കിയത്. ഇപ്പോള്‍ പ്രഖ്യാപിച്ച സമവായ സ്ഥാനാര്‍ഥിയുടെ പേര് മണ്ഡലം കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ വന്നിട്ടില്ല. പാർട്ടി സ്ഥാനങ്ങൾ മാത്രമല്ല അംഗത്വവും രാജിവയ്ക്കും, നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതും പരിഗണനയിലുണ്ടെന്ന്' നൗഷാദ് മീഡിയവണിനോട് പറഞ്ഞു. മണ്ഡലം കമ്മിറ്റിയിൽ ഏറ്റവും അധികം ആളുകൾ പിന്തുണച്ചത് നൗഷാദിനെ ആയിരുന്നു.