< Back
Kerala
മണ്ണഞ്ചേരിയിലേത് കൊലപാതക ശ്രമം; ആർ.എസ്.എസ് പ്രവർത്തകർ എത്തിയത് എസ്.ഡി.പി.ഐ നേതാവിനെ ലക്ഷ്യമിട്ട്
Kerala

മണ്ണഞ്ചേരിയിലേത് കൊലപാതക ശ്രമം; ആർ.എസ്.എസ് പ്രവർത്തകർ എത്തിയത് എസ്.ഡി.പി.ഐ നേതാവിനെ ലക്ഷ്യമിട്ട്

Web Desk
|
25 April 2022 9:51 AM IST

ഇന്നലെ രാത്രിയാണ് മാരാകായുധങ്ങളുമായി രണ്ടു ആർ.എസ്.എസുകാര്‍ പിടിയിലായത്

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായത് കൊലപാതകശ്രമത്തിനിടെയെന്ന് പൊലീസ്. എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. എസ്.ഡി.പി.ഐ മണ്ണഞ്ചേരി പഞ്ചായത്ത് അംഗം നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതിന് ആർ.എസ്.എസ് പ്രവർത്തകരായ ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെക്ഷൻ 324,308, ആയുധം സൂക്ഷിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മണ്ണഞ്ചേരിയിലെ അഞ്ചാം വാർഡ് മെമ്പറും എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡൻുമായ നവാസ് നൈനയെ ഇവർ വാളും ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചെന്നും കൂടെയുണ്ടായിരുന്ന നിഷാദ് എന്നയാൾ ഇത് തട്ടി മാറ്റുകയായിരുന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. നിഷാദിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ആർ.എസ്.എസ് പ്രവർത്തകരെ ആയുധങ്ങളുമായി മണ്ണഞ്ചേരിയിൽ നിന്നും പിടികൂടിയത്. സുമേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശ്രീനാഥിനെ വീട്ടിൽ നിന്ന് പൊലീസാണ് പിടികൂടിയത്.ഇവരിൽ നിന്ന് രണ്ട് വാളുകളും പിടിച്ചെടുത്തിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു സുമേഷിനെ പിടികൂടിയത്.സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് ഇരുവരെയും ഇപ്പോൾ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ, ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Similar Posts