
കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്
2017 മുതൽ മതസ്പർധ, തീവ്രവാദ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല; ഈരാറ്റുപേട്ടയെ കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് തെറ്റെന്ന് വിവരാവകാശ രേഖ
|മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകുന്നത് എതിർത്ത് മുൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കാണ് വിവാദ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചത്.
കോട്ടയം: ഈരാറ്റുപേട്ടയെ കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മതസ്പർധ, തീവ്രവാദ പ്രവർത്തനം തുടങ്ങിയ കേസുകൾ 2017 മുതൽ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് രേഖ.
മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകുന്നത് എതിർത്ത് മുൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കാണ് വിവാദ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചത്.
2022 ഡിസംമ്പർ 22ന് കോട്ടയം ജില്ലാ പൊലീസ് മേധാവി, ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ, മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമാധാന പ്രശ്നം എന്നീ കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിൽ കൂടുതലെന്ന് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിവിൽ സ്റ്റേഷൻ നിർമാണത്തിന് പൊലീസിൻ്റെ സ്ഥലം വിട്ടു നൽകാനാവില്ലെന്നും എസ്പി റിപ്പോർട്ടിൽ വ്യക്തമാക്കി.
എന്നാൽ 2017 മുതൽ 2023 ആഗസ്റ്റ് വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിനിൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് വിവരാകാശ രേഖ വ്യക്തമാക്കുന്നത്. ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ മുഹമ്മദ് ഷരീഫിൻ്റെ വിവരാവകാശ അപേക്ഷ രണ്ടു തവണ നിരസിച്ചിരുന്നു. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍, ഉത്തരവിട്ടതിനു പിന്നാലെയാണ് പൊലീസിനെ വെട്ടിലാക്കുന്ന രേഖ മറുപടിയായി ലഭിച്ചത്.
എസ്പിയുടെ വിവാദ റിപ്പോർട്ട് കാരണം മിനി സിവിൽ സ്റ്റേഷന് സ്ഥലം എറ്റെടുക്കുവാൻ രണ്ട് വർഷം വൈകി. റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭ കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാർ പിൻവലിച്ചിട്ടില്ല. വിവാദ റിപ്പോർട്ട് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിൻ്റെയും വിവിധ മുസ്‌ലിം സംഘടനകളുടെയും തീരുമാനം.
Watch Video Report