< Back
Kerala
കേരളത്തിൽ സുരക്ഷിത അല്ല, തിരിച്ചുപോകാൻ ആലോചിക്കുകയാണ്; കോവളം ബീച്ചിൽ തെരുവ് നായയുടെ കടിയേറ്റ റഷ്യൻ വനിത
Kerala

'കേരളത്തിൽ സുരക്ഷിത അല്ല, തിരിച്ചുപോകാൻ ആലോചിക്കുകയാണ്'; കോവളം ബീച്ചിൽ തെരുവ് നായയുടെ കടിയേറ്റ റഷ്യൻ വനിത

Web Desk
|
9 Nov 2025 7:39 AM IST

അവധികാല യാത്രയിൽ ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചതല്ലെന്നും തനിക്കിപ്പോൾ കേരളത്തിലോ ഇന്ത്യയിലോ തുടരണമെന്ന് തോന്നുന്നില്ലെന്നും പൗളിന മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സുരക്ഷിതയാണെന്ന് തോന്നുന്നില്ലെന്ന് തിരുവനന്തപുരം കോവളം ബീച്ചിൽ നിന്നും തെരുവുനായയുടെ കടിയേറ്റ റഷ്യൻ വനിത പൗളിന. തനിക്കെതിരെ ആക്രമണമുണ്ടായത് തദ്ദേശീയനായ വ്യക്തി തെരുവുനായയുടെ തലയിൽ വെള്ളമൊഴിച്ച് പ്രകോപിപ്പിച്ചതിനെ തുടർന്നൊന്നും പൗളിന പറഞ്ഞു. കേരളത്തിൽ മൂന്ന് മാസം ചിലവഴിക്കാൻ വന്നതാണെന്നും ഈ സംഭവത്തോടെ തിരിച്ചു പോകാൻ ആലോചിക്കുന്നതായും പൗളിന മീഡിയവണിനോട് വ്യക്തമാക്കി.

'കേരളത്തിൽ ഞാനിത് ആദ്യമായിട്ടല്ല കഴിഞ്ഞ ശീതകാലം ഞാൻ ഇവിടെ ചിലവഴിച്ചിരുന്നു. എനിക്ക് ഇന്ത്യ വളരെ ഇഷ്ടമാണ്.ഞാൻ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എനിക്ക് കോവളം വളരെ ഇഷ്ടമായതുകൊണ്ടും ഈ വർഷവും ശീതകാലം ഇവിടെ ചിലവഴിക്കണം എന്ന ആഗ്രഹം കൊണ്ടുമാണ് ഈ പ്രാവശ്യവും തിരിച്ചു വന്നത്. മൂന്നുമാസത്തോളം കാലം ഇവിടെ ചിലവഴിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഇന്ന വൈകുന്നേരം ഞാൻ കോവളം ബീച്ചിലൂടെ നടന്നു പോകുമ്പോൾ അവിടെ ഒരു തെരുവുനായയെ കണ്ടു. ഉറങ്ങുകയായിരുന്ന തെരുവ് നായയുടെ തലയിലേക്ക് ഒരാള്‍ വെള്ളമൊഴിച്ചു. എഴുന്നേറ്റ തെരുവുനായ എന്നെ ആക്രമിക്കുകയായിരുന്നു.എന്‍റെ കാലുകളിൽ കടിക്കുകയും ചെയ്തു'.പൗളിന പറഞ്ഞു.

'ഈ സംഭവത്തോടെ മാനസികമായി വളരെ ബുദ്ധിമുട്ടിലാണ് ഞാന്‍. തിരിച്ചു വീട്ടിലേക്ക് പോകണം എന്ന് തോന്നുന്നു. ഞാനിവിടെ സുരക്ഷിതയാണെന്ന് തോന്നുന്നില്ല. ഒരുപാട് മരുന്നുകൾ കഴിക്കേണ്ടി വരുമെന്ന് തോന്നുന്നു. എന്‍റെ അവധികാല യാത്രയിൽ ഇത്തരമൊരു സംഭവം ഞാൻ പ്രതീക്ഷിച്ചതല്ല.എനിക്കിപ്പോൾ കേരളത്തിലോ ഇന്ത്യയിലോ തുടരണമെന്ന് തോന്നുന്നില്ല. ഈ സംഭവത്തിന് ശേഷം ഇവിടെ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല..'പൗളിന പറയുന്നു.


Similar Posts