
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്‍റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും
|കൂടുതൽ പേരിൽനിന്ന് മൊഴിയെടുത്ത് പ്രത്യേക അന്വേഷണസംഘം
തിരുവനന്തപുരം: ശബരിമല കൊടിമരത്തിൻ്റെ പുനർനിർമാണം നടത്തിയ പി.പി അനന്തൻ ആചാരിയുടെ മൊഴിയെടുത്ത് അന്വേഷണസംഘം. സുതാര്യമായിട്ടാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് അനന്തൻ ആചാരി പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്കായി ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥൻ അജിത് കുമാറിന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് വിജിലൻസ് സംഘം. കൊടിമരത്തിൽ ചെമ്പ് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് അനന്തൻ ആചാരിയാണ്. അനന്തൻ ആചാരിയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇടപാടുകളിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന് അന്വേഷണസംഘത്തോടെ അനന്തൻ ആചാരി പറഞ്ഞു. കൊടിമര പുനഃപ്രതിഷ്ഠയിൽ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണസംഘം വിവരം തേടി.
വരവ് ചെലവ് കണക്കുകൾ പരിശോധിച്ചിരുന്നത് ശബരിമല തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ട് ആയിരുന്ന അജിത് കുമാറാണ്. ഇയാളിൽ നിന്ന് കൊടിമരത്തിന് ലഭിച്ച സ്വർണത്തിന്റെയും പണത്തിന്റെയും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. കൊടിമര നിർമ്മാണത്തിന് 27 പേർ സ്വർണം നൽകിയിരുന്നതായാണ് രേഖകളിലുള്ളത്. ഇതിൽ 19 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
സുരേഷ് ഗോപി, മോഹൻലാൽ എന്നിവരുടെ മൊഴി വൈകാതെ തന്നെ രേഖപ്പെടുത്തും. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ഹൈക്കോടതി നിയമിച്ചിരുന്ന അഭിഭാഷക കമ്മീഷണർ കുറുപ്പിൻ്റെയും മൊഴി രേഖപ്പെടുത്തും. ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചതിൽ കൊള്ള നടന്നിട്ടുണ്ടോയെന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് സംഘം അന്വേഷണം നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ തെളിവ് കണ്ടെത്തിയാൽ കേസെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായ ഭരണസമിതിയാണ് ശബരിമലയിൽ പഴയ കൊടിമരം മാറ്റി പുതിയത് നിർമ്മിച്ചത്. കൊടിമരം പുനർനിർമാണത്തിന്റെ മറവിൽ സ്വർണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം.