ശബരിമല സ്വര്‍ണക്കൊള്ള; ദേവപ്രശ്നം മറയാക്കിയോയെന്ന് എസ്ഐടി പരിശോധിക്കുന്നു
|ശ്രീകോവിലിന്‍റെ വാതിലിലും കട്ടിളയിലും വൈകല്യമുണ്ടെന്നായിരുന്നു ദേവപ്രശ്നത്തിൽ കണ്ടെത്തിയത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവപ്രശ്നം മറയാക്കിയോയെന്ന് എസ്ഐടി പരിശോധിക്കുന്നു . 2018 ജൂണിലാണ് ദേവപ്രശ്നം നടത്തിയത് . സ്വർണക്കൊള്ളയ്ക്ക് ദേവപ്രശ്നം മറയാക്കിയോഎന്നാണ് എസ്ഐടി സംശയിക്കുന്നത്. ശ്രീകോവിലിന്‍റെ വാതിലിലും കട്ടിളയിലും വൈകല്യമുണ്ടെന്നായിരുന്നു ദേവപ്രശ്നത്തിൽ കണ്ടെത്തിയത്.
2019-ൽ ദ്വാര പാലകശിൽപവും കട്ടള പാളിയും കൊണ്ടുപോയിരുന്നു. ദേവപ്രശ്നം നടത്തിയവരിൽ നിന്ന് വിവരം തേടും. ദേവപ്രശ്ന ചാർത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. അതേസമയം കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ഉടൻ ചോദ്യം ചെയ്യും. മുരാരി ബാബുവിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചു. ഇന്നലെ രാത്രിയിലാണ് ജാമ്യം ലഭിച്ച മുരാരി ബാബു ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം അനുവദിച്ചത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.ശബരിമല സ്വർണകൊള്ള കേസിൽ ആദ്യമായി ജയിൽ മോചിതനാക്കുന്ന വ്യക്തിയാണ് മുരാരി ബാബു.അഡ്വക്കേറ്റ് സജികുമാർ ചങ്ങനാശ്ശേരിയാണ് മുരാരിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
അതിനിടെ, ശബരിമലയിലെ സ്വർണകൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ പങ്കിനെക്കുറിച്ച് കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെകുറിച്ചും എസ്ഐടി വിശദമായി പരിശോധിച്ചു.