
ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു റിമാൻഡിൽ
|14 ദിവസത്തേക്കാണ് റാന്നി കോടതി റിമാൻഡ് ചെയ്തത്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുരാരി ബാബു റിമാൻഡിൽ. 14 ദിവസത്തേക്കാണ് റാന്നി കോടതി റിമാൻഡ് ചെയ്തത്. അന്വേഷണ സംഘം മുരാരിബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായ മുരാരി ബാബുവിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.
മുരാരി ബാബുവിന്റെ പ്രവർത്തി ശബരിമലയുടെ പ്രശസ്തിക്ക് കോട്ടം തട്ടാൻ കാരണമായെന്നും മുരാരി ബാബു സ്വർണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് മനപ്പൂർവമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. സ്വർണകൊള്ളയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. റിമാൻഡ് റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു.
1998ൽ തന്നെ ഈ പാളികൾ സ്വർണം പൂശിയതാണെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും, സ്വർണപ്പാളികളെ ചെമ്പുപാളികളെന്ന് ബോധപൂർവം രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇയാൾ ഗൂഢാലോചന നടത്തിയതായും വിശദാംശങ്ങൾ പുറത്തുവരണമെങ്കിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കേസിലെ രണ്ടാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാ. മുരാരി ബാബു. ഇന്നലെ രാത്രി 10 മണിയോടെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് മുരാരി ബാബു. ഇന്നലെ തന്നെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചിരുന്നു. തുടർന്ന് ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം പത്തനംതിട്ടയിലെത്തിക്കുകയായിരുന്നു.