
Photo| Special Arrangement
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും
|ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നായിരുന്നു എസ് എ ടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും അന്നത്തെ ബോർഡ് അംഗങ്ങളുടെ ഇടപെടലിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ ഇടപെടലിനെകുറിച്ച് കൃത്യമായ തെളിവ് ലഭിച്ചാൽ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ. വാസുവിനെ വിശദമായ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം. വാസുവിനെ ചോദ്യം ചെയ്താൽ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
അറസ്റ്റിലായ എൻ. വാസുവും മുമ്പ് പിടിയിലായ മുരാരി ബാബുവും ഉൾപ്പെടെ നൽകിയ മൊഴി പത്മകുമാറിനെതിരാണെന്നാണ് വിവരം. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കൊള്ളയെക്കുറിച്ച് അറിയാമായിരുന്നെന്നും സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഇവർ കണ്ടതാണെന്നും ഇവരുടെ കൂടി അറിവോടെയാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിട്ടതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ് പ്രശാന്തിന്റെയും അംഗം അജികുമാറിന്റെയും കാലാവധി ഇന്ന് കഴിയും. 15 ന് ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ. ജയകുമാർ ഐഎഎസ് സത്യപ്രതിജ്ഞ ചെയ്യും. ദേവസ്വം ബോർഡ് അംഗമായി കെ.രാജുവും സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30ന് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ചടങ്ങുകൾ നടക്കുക.