< Back
Kerala
ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്‍റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
Kerala

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്‍റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Web Desk
|
10 Feb 2026 6:29 AM IST

റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിനെ തുടർന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം കേൾക്കും. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിനെ തുടർന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യപേക്ഷയിൽ ഇന്നും വാദം തുടരും.

ശബരിമലയിലെ സ്വർണ്ണ കട്ടിളപാളി കേസിൽ മൂന്നാം പ്രതിയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്റും കമ്മിഷണറുമായിരുന്ന എൻ. വാസു. 2025 നവംബർ 11 ന് ആണ് വാസു അറസ്റ്റിലാകുന്നത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെ എൻ. വാസുവും സ്വാഭാവിക ജാമ്യത്തിന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയായിരുന്നു. ഹരജിയിൽ ഇന്ന് വാദം കേൾക്കുന്ന വിജിലൻസ് കോടതി ജാമ്യം അനുവദിക്കാൻ തന്നെയാണ് സാധ്യത.

പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു. തിരുവാഭരണം മുൻ കമ്മീഷണർ കെ. എസ് ബൈജുവിന്റെ ജാമ്യ ഹരജിയിൽ 11ന് വാദം കേൾക്കും. അതേസമയം, തന്ത്രി ഇരു കേസുകളിലായി സമർപ്പിച്ച ജാമ്യഹരജികളിൽ ഇന്നും വാദം തുടരും. പ്രതിഭാഗം വാദം കഴിഞ്ഞ ദിവസം പൂർത്തിയായി. അഡ്മിനിട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുന്നതെന്നും പ്രതിഭാഗം വ്യക്തമാക്കി. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയുമായി ബന്ധമുണ്ട് എന്നതാണ് എസ്ഐടി റിപ്പോർട്ട്. പ്രതിഭാഗം അതിന് എതിർവാദം ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. വാദങ്ങൾ കേട്ട ശേഷം എസ്ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചാകും കോടതി വിധി പറയുക.

അതേസമയം, ശബരിമല സ്വർണകൊള്ളകേസിലെ പ്രതി ഗോവർധൻ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. നേരത്തെ, കേരള ഹൈക്കോടതി ഗോവർധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതിയെ വിട്ടയക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.ഇതിനെതിരെയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.

Similar Posts