< Back
Kerala
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനീയർ കെ.സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തു
Kerala

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനീയർ കെ.സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തു

Web Desk
|
14 Oct 2025 2:55 PM IST

വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി കോടതി ഉത്തരവിന് അനുസരിച്ച്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് അസിസ്റ്റൻറ് എൻജിനീയർ കെ.സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്‌തു. തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. അതിനിടെ യുഡിഎഫ് കാലത്തെ ഇടപാടുകളെ കുറിച്ചും അന്വേഷണം വേണമെന്ന നിലപാടുമായി ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്പ്രശാന്ത് രംഗത്തെത്തി.

ശബരിമലയിലെ സ്വർണപ്പാളി ചെമ്പാക്കിയ മഹസറിൽ അന്നത്തെ അസിസ്റ്റൻറ് എൻജിനീയർ കെ സുനിൽകുമാർ ഒപ്പിട്ടിരുന്നു. സുനിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച ആണെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. പ്രത്യേക അന്വേഷണസംഘം സുനിൽകുമാറിനെ പ്രതി ചേർത്തതിന് പിന്നാലെയാണ് നടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടി കോടതി ഉത്തരവിന് അനുസരിച്ച് സ്വീകരിക്കും. യുഡിഎഫ് കാലത്ത് ബോർഡിൻറെ ഭാഗമായിരുന്നവരെല്ലാം ദിവ്യൻമാരാണെന്നും ഇപ്പോഴുള്ളവർ മോശക്കാരാണെന്നും ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു.

കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയേയും ദേവസ്വം ബോർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. ഉണ്ണികൃഷ്ണൻ പോറ്റിയെ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയിലെത്തി അന്വേഷണ പുരോഗതി സംഘം വിലയിരുത്തും. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമിലെ പരിശോധന പൂർത്തിയാക്കി മടങ്ങി.

Similar Posts