
Photo| Special Arrangement
'ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശിയത് 2019ലെ ബോർഡിന്റെ വീഴ്ച'; ദേവസ്വം വിജിലൻസ് റിപ്പോർട്ട്
|നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം:ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണം പൂശിയത് 2019ലെ ബോർഡിന്റെ വീഴ്ചയെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.സ്വർണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളും വിജിലൻസ് റിപ്പോർട്ടിലുണ്ട്. ദേവസ്വം ബോർഡിനെതിരെയും റിപ്പോർട്ടിൽ സംശയം ഉന്നയിക്കുന്നു.
ശബരിമല സ്വർണക്കവർച്ച അന്വേഷിച്ച ദേവസ്വം വിജിലൻസ് എസ് പി സുനിൽകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ. ദ്വാരപാലക ശില്പ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തുകൊണ്ടുപോയത് ട്രാവൻകൂർ ദേവസ്വം മാനുവലിന് എതിരാണ്. എന്നാൽ അത് കേവലം ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം വ്യാഖ്യാനിക്കാൻ ആവില്ല. 2019ലെ ദേവസ്വം ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്ന വസ്തുത ഗൗരവമായി അന്വേഷിക്കേണ്ടതാണ്. ദ്വാരപാലക ശില്പ പാളികൾ പുറത്തുകൊണ്ടുപോയത് 2019 ലെ ബോർഡിന്റെ വൻ വീഴ്ചയുണ്ടായെന്നും തുടർനടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ജൂലൈ 20ന് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്പ പാളികൾ 49 ദിവസം കഴിഞ്ഞാണ് തിരികെ എത്തിച്ചത്. ഇത് ദേവസ്വം ബോർഡ് അധികൃതർ അറിഞ്ഞില്ലെന്ന് കരുതാനാവില്ല. ഉദ്യോഗസ്ഥരുടെ മാത്രം താല്പര്യ പ്രകാരം ചെയ്തുവെന്നും വിശ്വസിക്കാനാകില്ല. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയും റിപ്പോർട്ടിൽ രൂക്ഷ വിമർശനമുണ്ട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം 2019 ലെ ദേവസ്വം ബോർഡിനെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തത്ദേവസ്വം ബോർഡിന്‍റെ പരാതിയിലാണ് എഫ്ഐആർ.കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതിലാണ് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുത്തത്. ബോർഡ് അംഗങ്ങൾ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ ബോർഡിന് നഷ്ടമുണ്ടായെന്നും എഫ്ഐആറില്‍ പറയുന്നു. കട്ടിള പാളികൾ മാറ്റിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും എഫ്ഐആറിലുണ്ട്.2019- ലെ ദേവസ്വം കമ്മീഷണർ എൻ.വാസുവും കട്ടിളപ്പാളി സ്വർണ്ണക്കവർച്ച കേസില്‍ പ്രതിയാണ്.
അതിനിടെ, ഒരു അന്വേഷണ ഏജൻസിയും തന്നെ സമീപിച്ചിട്ടില്ലെന്ന് മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു പ്രതികരിച്ചു.ഒരു ആക്ഷേപവും തന്റെ കാലത്ത് നടന്നിട്ടില്ലെന്നും വാസു പറഞ്ഞു. 'ദ്വാരപാലക ശിൽപ്പം പൂശാനായി സ്വന്തം ഉണ്ണികൃഷ്ണന്‍ പോറ്റി ചെലവിൽ സ്വർണം സംഭരിച്ചിരുന്നു.എന്നാൽ അത് മുഴുവൻ ആവശ്യമായി വന്നില്ല.ബാക്കിയുള്ള സ്വർണം കൈയിലുണ്ട് എന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി ഇമെയിലൂടെ വ്യക്തമാക്കിയത്. അന്ന് മറിച്ച് കരുതേണ്ട ആവശ്യമില്ലായിരുന്നു. ഇന്ന് 2025ൽ വിവാദവും സംശയവും വെച്ചിട്ടാണ് ആറുവർഷം മുമ്പ് നടന്ന കാര്യങ്ങളെ നോക്കുന്നത്. ഇന്ന് നോക്കുമ്പോൾ സംശയമുണ്ടെന്നും' അദ്ദേഹം പറഞ്ഞു.