< Back
Kerala
ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Photo | Special Arrangement

Kerala

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Web Desk
|
14 Nov 2025 3:56 PM IST

ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് ജയശ്രീ ഹൈകോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ജയശ്രീ നൽകിയ ജാമ്യാപേക്ഷ ഇന്നലെ പത്തനംതിട്ട ജില്ലാ കോടതി തള്ളിയിരുന്നു. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്ത് വിടാൻ നിർദേശം നൽകിയത് ജയശ്രീയായിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. പദ്മകുമാറിനോട് ചോദ്യം ചെയ്യാനായി ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ബന്ധുവിന്റെ മരണത്തെ തുടർന്ന് രണ്ടുദിവസത്തെ സാവകാശം തേടിയിരുന്നു. ഇത് പൂർത്തിയായ സാഹചര്യത്തിലാണ് ഉടൻതന്നെ ചോദ്യം ചെയ്യലിലേക്ക് കടക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിച്ചാൽ ഉടൻ തന്നെ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. വാസുവിനെ ചോദ്യം ചെയ്താൽ സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടൽ.

Similar Posts