
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും
|രേഖകളിൽ സ്വർണ്ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ കണ്ടിരുന്നുവെന്ന് മുരാരി ബാബു മൊഴി നൽകിയെന്നാണ് വിവരം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരിത്തിയുള്ള ചോദ്യം ചെയ്യൽ പൂർത്തിയാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയെ മൂന്നുമണിയോടെ റാന്നി കോടതിയിൽ ഹാജരാക്കും.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും രണ്ട് ദിവസമെടുത്താണ് ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവർ നടത്തിയ ഗൂഢാലോചനയെകുറിച്ചും കൊള്ളയുടെ നടത്തിപ്പിനെ കുറിച്ചും ഇവരിൽനിന്ന് നിർണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഏതെല്ലാം ഉദ്യോഗസ്ഥരാണ് കൊള്ളയിൽ ഇവരെ സഹായിച്ചതെന്ന വിവരവും കൈമാറിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. കൃത്യമായ തെളിവുകൾ ലഭിച്ചാൽ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും.
മുരാരി ബാബുവിനെ കൂടാതെ ദേവസ്വം ബോർഡിലെ എട്ട് ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. ഇവരെയും വൈകാതെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. രേഖകളിൽ സ്വർണ്ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ കണ്ടിരുന്നുവെന്ന് മുരാരി ബാബു മൊഴി നൽകിയെന്നാണ് വിവരം.