
Photo| MediaOne
ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പരിശോധനക്ക് എസ്ഐടി, ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യും
|കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച രേഖകളും സംഘം വിശദമായി പരിശോധിച്ച് വരികയാണ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണസംഘം. ചെന്നൈയിലും ഹൈദരാബാദിലും ഉൾപ്പെടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച രേഖകളും സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും. ശാസ്ത്രീയ പരിശോധനയും എസ്ഐടി നടത്തും. ഇന്നലെ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയ ദേവസ്വം വിജിലൻസ് എസ്പിയിൽ നിന്നും വിവരം തേടിയിട്ടുണ്ട്.
കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ അനന്ത സുബ്രഹ്മണ്യത്തെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി. വിജയ് മല്യയ്ക്ക് വേണ്ടി ശബരിമലയിൽ സ്വർണം പൂശുന്നതിന് കരാർ ജോലി ചെയ്ത ചെന്നൈയിലെ ജ്വല്ലറിയിൽ എത്തി അന്വേഷണസംഘം തെളിവെടുത്തു. സ്വർണപ്പാളി വിവാദം സുവർണാവസരമാക്കി മാറ്റാൻ ബോധപൂർവമായി ശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞിരുന്നു.
സ്വർണപ്പാളി പോയ വഴിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. യു ബി ഗ്രൂപ്പ് നൽകിയ കണക്ക് പ്രകാരമുള്ള സ്വർണപ്പാളികൾ ഉരുക്കിയപ്പോൾ കിട്ടിയിട്ടില്ല. ഇതിൽ ആദ്യഘട്ട ചോദ്യം ചെയ്യലിൽ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. അതിനാൽ പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്യും.
ശബരിമലയിൽ യു ബി ഗ്രൂപ്പിന് വേണ്ടി സ്വർണം പൂശുന്നതിന് കരാർ ഏറ്റെടുത്തത് ചെന്നൈയിലെ ജെ എൻ ആർ ജുവല്ലേഴ്സ് ആണ്. അന്വേഷണസംഘം ഇവിടെയെത്തി ജ്വല്ലറി ഉടമ ജഗന്നാഥിൽ നിന്ന് മൊഴിയെടുത്തിരുന്നു. രേഖകളും പരിശോധിച്ചു. നിലവിലെ സസംഭവങ്ങളെ സുവർണാവസരം ആക്കി മാറ്റാൻ ശ്രമം നടക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞു.രേഖകൾ വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് അംഗങ്ങളെയും ജീവനക്കാരെയും ചോദ്യം ചെയ്യുക.