< Back
Kerala
Sabarimala Makarvilak,makarvilakku festival, makarajyothi,sabarimala makara jyothi,sabarimala latest,sabarimala temple
Kerala

ശബരിമല മകരവിളക്ക് ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Web Desk
|
14 Jan 2023 6:28 AM IST

ഇടുക്കിയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്

പത്തനംതിട്ട: ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും മകരവിളക്കും ഇന്ന് നടക്കും. വൈകിട്ട് 6.30 നാണ് വിശേഷാല്‍ ദീപാരാധനയും മകരവിളക്ക് ദര്‍ശനവും . ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചപൂജ പൂര്‍ത്തിയാക്കി 1.30 ന് നട അടയ്ക്കുന്നതോടെ സന്നിധാനം മകരവിളക്കിനായി ഒരുങ്ങും. വൈകിട്ട് 5 മണിക്ക് ക്ഷേത്ര നട തുറക്കും. ദീപാരാധന പൂര്‍ത്തിയാക്കുന്നതുവരെ പതിനെട്ടാം പടി കയറ്റത്തിന് നിയന്ത്രണമുണ്ടാകും.

ഉച്ചയ്ക്ക് പമ്പയില്‍ എത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് ആചാരപരമായ സ്വീകരണം നല്‍കും . ഇതിന് മുന്നോടിയായി 12 മണിയോടെ തീര്‍ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടുന്നത് തടയും. വൈകിട്ട് 5.30 ന് ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ ചേര്‍ന്ന് തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് ദീപാരാധന മധ്യേ പൊന്നമ്പല മേട്ടില്‍ മകര വിളക്ക് ദൃശ്യമാകും. വിവിധ വ്യൂ പോയിന്റുകളില്‍ ഇതിനോടകം അയ്യപ്പന്‍മാര്‍ തമ്പടിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അന്തിമ ഘട്ട സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, എം.എല്‍.എമാര്‍, ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപന്‍ എന്നിവരുടെ സാന്നിധ്യത്തിലാകും നാളെ ചടങ്ങുകള്‍ പുരോഗമിക്കുക. രാത്രി 8.45 ന് മകര സംക്രമ പൂജ പൂര്‍ത്തിയാക്കി 11 മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് സമാപനമാകും.

അതേസമയം, ഇടുക്കിയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ഇത്തവണയും മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി 65 ബസ് സര്‍വീസുകള്‍ നടത്തും. 1400 ഓളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘവും സജ്ജമാണ്. വണ്ടിപ്പെരിയാര്‍ സത്രം, വള്ളക്കടവ് നാലാമൈല്‍ പ്രവേശനപാതകള്‍ വഴി രാവിലെ എട്ട് മണിമുതല്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകും. രണ്ട് മണി കഴിഞ്ഞാല്‍ ഈ വഴി ആരെയും കടത്തിവിടില്ല. കുമളിയില്‍ നിന്ന് പുല്ലുമേട്ടിലേക്കുള്ള വാഹനങ്ങള്‍ ഒരു മണി വരെ മാത്രമേ കടത്തിവിടൂ. പുല്ലുമേട്ടില്‍ നിന്ന് ശബരിമലയിലേക്ക് പോകാന്‍ ആരെയും അനുവദിക്കില്ല. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരികെയിറങ്ങേണ്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Similar Posts