< Back
Kerala
ശബരിമല സ്ത്രീ പ്രവേശനം; സർക്കാർ നിലപാട് അറിയിക്കുന്നത് ചർച്ചക്ക് ശേഷം
Kerala

ശബരിമല സ്ത്രീ പ്രവേശനം; സർക്കാർ നിലപാട് അറിയിക്കുന്നത് ചർച്ചക്ക് ശേഷം

Web Desk
|
17 Feb 2026 7:11 AM IST

സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാട് എടുക്കണമെന്ന സമ്മർദം സർക്കാരിന്മേൽ ശക്തമാണ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കുന്നത് ഭരണഘടനാ വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷം. സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാട് എടുക്കണമെന്ന സമ്മർദം സർക്കാരിന്മേൽ ശക്തമാണ്. നിലപാട് അറിയിക്കും മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുമായും സംസാരിക്കണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭരണഘടനാപരമായി ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട്. അങ്ങനെയുള്ള 7 ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മൂന്നംഗ ബഞ്ച് ,ഒമ്പതംഗ ബെഞ്ചിന് കേസ് വിട്ടിരിക്കുന്നത് . സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഇത് ഭരണഘടനപരമായ ചോദ്യം മാത്രമല്ല. കോടതിവിധി എന്തായാലും അതിന് പിന്നാലെ ഉയർന്നുവരുന്ന രാഷ്ട്രീയ ചോദ്യങ്ങൾക്കുള്ള മറുപടിയും സർക്കാർ തന്നെയാണ് പറയേണ്ടത്. അടുത്തമാസം 14 ന് നിലപാട് അറിയിക്കാനാണ് കോടതി നിർദേശം.

2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടി ഓർമ്മയുള്ളത് കൊണ്ട് എടുത്തടിച്ചുള്ള ഒരു മറുപടിക്ക് സർക്കാർ തയ്യാറല്ല.ഭരണഘടന ബഞ്ച് പരിഗണിക്കുന്ന വിഷയം ആയതുകൊണ്ട് ഭരണഘടനാ വിദഗ്ധർ അടക്കമുള്ളവരുമായി ചർച്ച നടത്താനാണ് സർക്കാരിന്‍റെ ആലോചന.സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകർ അടക്കമുള്ളവരുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടിയേക്കും. സ്ത്രീപുരുഷ തുല്യത എന്ന സിപിഎമ്മിന്‍റെ നിലപാട് തന്നെയായിരുന്നു നേരത്തെ സർക്കാരിനും ഉണ്ടായിരുന്നത്.അതിൽനിന്ന് സർക്കാർ കുറച്ചു പിറകോട്ട് പോയേക്കും. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന പുതിയ നിലപാട് എങ്ങനെ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തും എന്നാണ് കൂടിയാലോചനകൾ കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.

എൻഎസ്എസും എസ്എൻഡിപി യും എല്ലാം നിലപാട് വ്യക്തമാക്കി കഴിഞ്ഞു.സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാട് സർക്കാർ സ്വീകരിച്ചാൽ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന മുന്നറിയിപ്പാണ് സംഘടനകൾ സർക്കാരിന് നൽകിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിലപാട് സ്വീകരിക്കുന്ന എല്ലാവരുമായി കൂടിയാലോചന വേണം എന്ന് അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. എന്തുവേണമെന്ന് കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.ജാഥകൾ തീർന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ചേരുന്ന നേതൃയോഗങ്ങളും വിഷയം ചർച്ച ചെയ്യും.



Similar Posts