< Back
Kerala
Sabu, Marykutty, സാബു, മേരിക്കുട്ടി

മേരിക്കുട്ടി

Kerala

സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ മേരിക്കുട്ടി;' ബാങ്കിനോട് ചോദിച്ചത് ചികിത്സയ്ക്കുള്ള പണം'

Web Desk
|
21 Dec 2024 12:15 PM IST

ഗർഭപാത്ര ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിച്ചില്ല; 14 ലക്ഷം രൂപയും അതിന്റെ പലിശയും ഇനിയും കിട്ടാനുണ്ട്

കട്ടപ്പന: നിക്ഷേപകനും വ്യാപാരിയുമായ സാബുവിന്റെ ആത്മഹത്യയിൽ കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ആർ സജി സാബുവിനെയും ബാങ്കിനെയും കുറ്റപ്പെടുത്തി സാബുവിന്റെ ഭാര്യ മേരിക്കുട്ടി. കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത്. ഒന്നര വർഷമായി പ്രശ്നങ്ങൾ ഉണ്ടെന്നും മേരിക്കുട്ടി മീഡിയ വണ്ണിനോട് പറഞ്ഞു. സാബുവിനെ വിആർ സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് മേരിക്കുട്ടിയുടെ പ്രതികരണം.

"മൊത്തം 60 ലക്ഷത്തിനുമേലാണ് കട്ടപ്പന റൂറല്‍ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സാബു നിക്ഷേപിച്ചിട്ടുള്ളത്. എന്നാൽ ആവശ്യങ്ങൾക്ക് പണം ചോദിക്കുമ്പോൾ തുക മുഴുവനായി തരാറില്ലായിരുന്നു. 10 ലക്ഷം ചോദിച്ചപ്പോൾ 3 ലക്ഷം മാത്രമാണ് തന്നത്. ബാക്കി പതിയെ തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് കിട്ടിയില്ല. ഓരോ മാസവും 5 ലക്ഷം വീതം തരാമെന്ന് പറഞ്ഞിട്ടും തന്നില്ല. പിന്നീട് 3 ലക്ഷം രൂപ തരാമെന്ന് പറഞ്ഞു. ജനുവരിയിൽ 3 ലക്ഷം തന്നു. അതിനുശേഷം പൈസ തന്നില്ല," മേരികുട്ടി പറഞ്ഞു.

മൊത്തം നിക്ഷേപത്തിൽ നിന്ന് ഇനി 14 ലക്ഷവും അതിന്റെ പലിശയും കിട്ടാനുണ്ടെന്നും മേരിക്കുട്ടി ചൂണ്ടിക്കാട്ടുന്നു. തന്റെ ഗർഭപാത്ര ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കുമെന്ന് വിചാരിച്ചെങ്കിലും ലഭിച്ചില്ല. ചികിത്സയ്ക്ക് രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണ്. പണത്തിനായി കുറെ കരഞ്ഞ് നടന്നിട്ടാണ് ഓരോ തവണയും പൈസ കിട്ടിയിരുന്നതെന്നും മേരിക്കുട്ടി പറഞ്ഞു.

ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയപ്പോൾ ബിനോയിയെ സാബു പിടിച്ച് തള്ളിയെന്നാണ് വി ആർ സജി ഫോണിലൂടെ സാബുവിനോട് പറഞ്ഞത്. പകുതി പൈസ തന്നിട്ടും ജീവനക്കാരെ പിടിച്ച് തള്ളേണ്ട കാര്യമെന്താണുള്ളതെന്ന് സജി ചോദിച്ചു. സാബു അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോൾ, ഞാൻ ഇത് കേസാക്കുന്നില്ല എന്നും നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും സജി പറഞ്ഞു. നിങ്ങൾക്ക് പണി അറിയില്ല, പണി മനസിലാക്കി തരാമെന്നും പറഞ്ഞാണ് സജി ഫോൺ വെച്ചത്. സാബു ഒരിക്കലും അങ്ങനെ ചെയ്യില്ല. സജി കള്ളം പറയുകയാണ്. ബാങ്കിൽ ചെന്നാലും ഇടപാട് വേ​ഗം നടത്തി തരില്ല, വൈകുന്നേരം വരെ ഇരുത്തും. വയ്യാതെ കിടക്കുന്ന അമ്മയെ തനിച്ചാക്കിയാണ് ബാങ്കിൽ പോയിരുന്നത്. ഒന്നര വർഷം കൊണ്ട് ഏറെ അനുഭവിച്ചെന്നും മേരിക്കുട്ടി മീഡിയവണ്ണിനോട് പറയുന്നു.

Related Tags :
Similar Posts